Tuesday, December 25, 2012

ദേവദാസിന്റെ പാട്ടുകള്‍

കുറച്ചുമുന്പ്  .  വൈക്കം ക്ഷേത്രം  .  ചലച്ചിത്രസംവിധായകനായ ഒരു സുഹൃത്തിന്റെ വിവാഹവേള  .  വര്‍ഷങ്ങള്‍ക്കുശേഷം പണ്ടത്തെ സുഹൃത്തുക്കളില്‍ പലരെയും കണ്ടു .  ആ ദിനം  ,  പക്ഷേ  , ഓര്‍മ്മകളില്‍  സവിശേഷമാകുന്നത് ഗാനരചയിതാവായ ദേവദാസിനെ പരിചയപ്പെടാന്‍ കഴിഞ്ഞതുകൊണ്ടാണ്  .

' കാട്ടുകുറിഞ്ഞി പൂവും ചൂടി
സ്വപ്നം കണ്ടു മയങ്ങും പെണ്ണ്  '
************************************************
' കന്നിപ്പൂമാനം
കണ്ണും നട്ടു ഞാന്‍
നോക്കിയിരിക്കെ  '
*************************************************
' മാന്മിഴിയാള്‍
മനം കവര്‍ന്നു '
തുടങ്ങിയ പാട്ടുകള്‍ എഴുതിയ ദേവദാസ്  .  വയലാര്‍ , പി.ഭാസ്കരന്‍  , ശ്രീകുമാരന്‍ തമ്പി  , കാവാലം  ,പൂവച്ചല്‍ ഖാദര്‍ , എം.ഡി .രാജേന്ദ്രന്‍  എന്നിവരുടെ  പാട്ടുകള്‍ക്കൊപ്പം ഇപ്പോഴും പിന്തുടരുന്ന ദേവദാസിന്റെ പാട്ടുകള്‍   .   ഓരോ കുമരിപ്പെണ്ണിനേയും  ഓരോ മഹാത്ഭുതമാക്കിക്കാണി ച്ചു തന്നുകൊണ്ട് മദിപ്പിച്ചുമാഞ്ഞുപോയ സാന്ദ്രകൌമാരത്തെ ഓര്‍മ്മയിലെത്തിക്കുന്ന പാട്ടുകള്‍   .  യൌവനരഹസ്യങ്ങളെ ചേതോഹരമാക്കിയ പാട്ടുകള്‍  .  പുന്നമടക്കായലില്‍ വീണ നിലാവിനൊപ്പം താരാപഥങ്ങളെ തൊട്ടുണര്‍ത്താന്‍ കൊതിപ്പിച്ച പാട്ടുകള്‍  .  പ്രണയകാലത്ത് അമ്പലപ്പുഴയിലെ രാജമല്ലികളില്‍ ചിത്തരഞ്ഞിനിയാകാന്‍ മോഹിപ്പിച്ച പാട്ടുകള്‍   .  ഏകാന്തവനങ്ങളില്‍  കോവിദാരപപൂക്കളെ ചുംബിച്ചു വിടര്‍ത്തിയ  പാട്ടുകള്‍  .  ലഹരിയുടെ ഉപവനങ്ങളില്‍ ഉന്മാദം പകര്‍ന്ന പാട്ടുകള്‍  .  കാല്‍പനികതയില്‍ ഇടിച്ചുതകര്‍ന്ന ഇടനെഞ്ചുകളില്‍ ചിറകിട്ടടിക്കുന്ന പാട്ടുകള്‍  .  സ്വപ്നങ്ങളില്‍ കുടിച്ചുമറിഞ്ഞ് ഇടറിപ്പോയ വെറും മനുഷ്യരുടെ പാട്ടുകള്‍  .  ചിതറുന്ന കൂട്ടുകാരെ കൂട്ടുകൂടിക്കുന്ന പാട്ടുകളുടെ കൂട്ടുകാരന്‍ നാരായണന്‍കുട്ടിയോടൊപ്പം കൂട്ടുകൂടുന്ന പാട്ടുകള്‍   .   തൃശൂര്‍ നഗരത്തില്‍ വെച്ച് ഡോ. ആര്‍ . സുരേഷിനെ കാണുമ്പോള്‍  മതിമറന്നുകെട്ടിപ്പിടിക്കുന്ന പഴയ കലാലയകവിയുടെ പ്രിയപ്പെട്ട പാട്ടുകള്‍   .  ദേവദാസിന്റെ പാട്ടുകള്‍.

ദേവദാസ് കുറച്ചു മാത്രമെഴുതി  .   എഴുതിയ പാട്ടുകള്‍  .  പാഴാകാത്ത്ത പാട്ടുകള്‍  .  മറവിയില്‍ വീഴാത്ത പാട്ടുകള്‍  .  മടുപ്പിക്കാത്ത പാട്ടുകള്‍  .  രമ്യം  .   രാഗസൌമ്യം  .  രസനീയം.

ഈയിടെ  ദേവദാസിനെ വീണ്ടും കണ്ടു  .  ആലപ്പുഴ നിന്നും ഒരുമിച്ചു യാത്ര ചെയ്തു  .  ഗാനരചനാരംഗത്ത് സജീവമാകുന്ന സന്തോഷം മറച്ചുവെച്ചില്ല  .  പാട്ടെഴുതിയ പുതിയ സിനിമകള്‍ വരുന്നു  .  രാജന്ശങ്കരാടിയുടെ ' ക്ളിയോപാട്റ '  ,   സുരേഷ് ഉണ്ണിത്താന്റെ അടുത്തചിത്രം ....അങ്ങനെയങ്ങനെ  നിറുത്ത്തിയിടത്തു നിന്നും മറ്റൊരു യാത്ര തുടങ്ങുകയാണ്   .   പാട്ടുയാത്ര  .   പുറത്തുവരാനുള്ള  പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചു  .   മനോഹരമായ പാട്ടുകള്‍   .  പുത്തന്‍ പ്രതീക്ഷകള്‍  പങ്കുവെച്ചു   . സമയം പോയതറിഞ്ഞില്ല  .  ഹരിപ്പാട്ടെത്ത്തിയപ്പോള്‍ യാത്രപറഞ്ഞ്  ദേവദാസ് ഇറങ്ങിപ്പോയി.
തിരുവനന്തപുരം ലക്ഷ്യമാക്കി ബസ്സ്‌  ഓടിക്കൊണ്ടിരുന്നു.
തനിച്ചിരിക്കുമ്പോള്‍ ഒരു പകല്‍സ്വപ്നം കണ്ടു  .  മഴയുടെ മൃദംഗജതികള്‍   .   വെയിലിന്റെ വയലിന്‍കമ്പികള്‍   .   മഞ്ഞിന്റെ പിയാനോതാഴ്വരകള്‍   .   അതിനിടയില്‍ എവിടെനിന്നോ ദേവദാസിന്റെ പാട്ടുകള്‍ കേള്‍ക്കുന്നു  .   പാട്ടുകള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയെ കാണുന്നു  .  വിടര്‍ന്ന കണ്ണുകളുള്ള പെണ്‍കുട്ടി  .  എവിടെയോ കണ്ടുമറന്ന പെണ്‍കുട്ടി  .  ഉടലുകള്‍ക്കപ്പുറം  ഒരു മഴവില്‍പെണ്‍കുട്ടി .

രാതീ , നില്‍ക്കൂ , മാഞ്ഞുപോകരുതേ.

തീരാത്ത യുദ്ധഭീതികള്‍ . ശ്വാസം മുട്ടിക്കുന്ന സംഘര്‍ഷങ്ങള്‍ . കുരുങ്ങി
മുറുകുന്ന സഹനങ്ങള്‍ .  ഗതികെട്ട പലായനങ്ങള്‍ . കൂടപ്പിറപ്പുകളുടെ
കാണാതാകലുകള്‍  . അനാഥമാകുന്ന കാത്തിരിപ്പുകള്‍ . പുകയുന്ന
അതിര്‍ത്തികളില്‍ അമാനുഷികമാകുന്ന മനുഷ്യനിയോഗങ്ങള്‍ . അഭയം നഷ്ടപ്പെട്ട
ആധിപിടിച്ച കാലുകളുടെ ദയനീയമായ നെട്ടോട്ടങ്ങള്‍ .........  ഈ വിധം
നാനാവിധമാകുന്ന ഒരു ഒരു ജനതയുടെ പിടച്ചിലുകള്‍ കവിതയില്‍
തേച്ചുപിടിപ്പിച്ചുകൊണ്ടാണ് പലസ്തീനിയന്‍ കവികള്‍ എല്ലാവിധ
അപമാനവീകരനത്ത്തിനുമെതിരായ  കവിതയുടെ ചുടുകട്ടച്ചുമരുകള്‍
നിര്‍മ്മിച്ചെടുക്കുന്നത് .  മഹ്മൂദ് ദാര്വിഷ് , തവ്ഫീക് സിയാദ് , തമീം
ബര്‍ഗൌട്ടി , ഹിന്ദ്‌ ഷൌഫാനി , ഇബ്രാഹിം നസേരല്ല ,താഹാ മുഹമദലി ,ദിമ
ഹിലാല്‍ , അമിരി ബറാക്ക , ഹമീദാ ബീഗം ,സുഹൈര്‍ ഹാമാദ് ,ബഷീര്‍ കോപ്തി ,
തഹാനി സലാഹ് ...തുടങ്ങി നിരവധി കവികള്‍ പ്രതിരോധത്തിന്റെ പ്തിഘടനകള്‍
കവിതയില്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
കാണാക്കണ്ണീരില്‍ കഴുക്കിപ്പിഴിഞ്ഞെടുത്ത സ്വപ്നങ്ങള്‍  . ദേവദാരുകളിലും
മാതളമരങ്ങളിലും കുരുക്കുയിട്ട് ഉണക്കിയെടുക്കുന്ന സ്വപ്നങ്ങള്‍ .
പെരുകുന്ന ആശങ്കകളെ അത്തരം സ്വപ്നങ്ങള്‍ കൊണ്ടു മൂടിമറച്ച്
അതിജീവിക്കുന്ന മനുഷ്യര്‍ . സൂക്ഷ്മാഖ്യാനത്ത്തില്‍ വ്യത്യസ്ത്രാകുംപോഴും
ആ മനുഷ്യരുടെ ഭാഷയെ കവിതയില്‍ വീണ്ടും വീണ്ടും കണ്ടെത്തുകയാണ് ഓരോ
പലസ്തീനിയന്‍ കവിയുമെന്ന് പൊതുവില്‍ പറയാം.

കവികള്‍ കാവ്യഭാഷയില്‍ പ്രകാശിപ്പിക്കുന്നതിനെ മറ്റൊരുരീതിയില്‍
പലസ്തീനിയന്‍ ചലച്ചിത്രങ്ങള്‍ ദൃശ്യഭാഷയില്‍ ആവിഷ്ക്കരിക്കുന്നു.
അന്നമേരി ജാസിര്‍ (Annemarie Jacir) സംവിധാനം ചെയ്ത ' ഞാന്‍ നിന്നെ
കണ്ടപ്പോള്‍ ' ( When I Saw You -2012 )എന്ന പലസ്തീനിയന്‍
ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിലും ഇതേ ആവിഷ്ക്കാരത്തിന്റെ അടരുകള്‍ കാണാം
. ജോര്‍ദാനിലെ അഭയാര്‍ഥിക്ക്യാമ്പ്  .അവിടെക്കഴിയുന്ന അച്ഛനെ നഷ്ടപ്പെട്ട
സ്കൂള്‍ക്കുട്ടിയായ താരീഖ് .അവന്റെ അമ്മയായ ഗയ്ദ . ഇരുവരുടേയും
ജീവിതസന്ദര്‍ഭങ്ങളിലൂടെ നീങ്ങുന്ന ക്യാമറക്കണ്ണുകള്‍  . ദൃശ്യങ്ങളില്‍
സമകാല പലസ്തീനിന്റെ പിഞ്ഞിക്കീറലുകള്‍ . അടക്കിപ്പിടിച്ച ഏങ്ങലുകള്‍ .

അഭയാര്‍ഥികളേയും വഹിചെത്തുന്ന ഓരോ ട്റെക്കുകളിലും കലാപങ്ങളില്‍ കാണാതായ
അച്ഛനെ തിരയുന്ന താരീഖിന്റെ ദൃശ്യത്തോടുകൂടിയാണ് ചലച്ചിത്രം
ആരംഭിക്കുന്നത് . പിന്നീട് ദൃശ്യങ്ങളാണ് സംസാരിക്കുന്നത് .
കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ ദൃശ്യപ്പടവുകളിലെ കൈവരികള്‍ പോലെ സംവിധായിക
പാകപ്പെടുത്തിയെടുത്തിരിക്കുന്നു .  സ്വാതന്ത്ര്യസാക്ഷാത്കാരം തേടി
തീവ്റപരിശീലനത്തിലേര്പ്പെട്ടിരിക്കുന്ന പലസ്തീനിയന്‍
സ്വാതന്ത്ര്യസമരപ്പോരാളികളോ ടൊപ്പം താരീഖിന്റെയും  ഗെയ്ദയുടെയും
ദിനങ്ങള്‍ കടന്നു പോകുന്നുണ്ട് . നഷ്ടനാടിന്റെ സന്തതികളായ  വിപ്ളവകാരികളെ
സ്നേഹിക്കാന്‍ പ്രേരിപ്പിക്കും വിധത്തിലാണ് അവരെ
ചിത്രീകരിച്ചിരിക്കുന്നത് . സംഗീതത്തേയും സംഗീതോപകരണങ്ങളേയും നെഞ്ചില്‍
ചേര്‍ത്ത വിപ്ളവകാരികള്‍  . ഗിറ്റാറിന്റെയും തപ്പുതാളങ്ങളുടെയും
ഓളങ്ങളില്‍ നൃത്തച്ചുവടുകള്‍ വെക്കുന്ന വിപ്ലവകാരികള്‍ . വിപ്ളവം കനിവും
കനവുമാണെന്നും അങ്ങനെ ആകേണ്ടതുണ്ടെന്നും ഓരോ ദൃശ്യവും
ഓര്‍മ്മിപ്പിക്കുന്നു .  അതോടൊപ്പം വിപ്ലവകാരികള്‍ നേരിടുന്ന
വൈകാരികപ്രതിസന്ധികള്‍ സചേതനമായ ഫ്രെയിമുകളില്‍ നിവര്‍ന്നു വരുന്നു .
സൂം - ക്ളോസപ്പ് -ലോങ്ങ്‌ ഷോട്ടുകളില്‍ ഇടകലരുന്ന പലസ്തീനിയന്‍ ഭൂമിയുടെ
, കാടിന്റെ , വൃക്ഷങ്ങളുടെ  , താഴ്വരകളുടെ , കാറ്റിന്റെ , പാറകളുടെ
,തരിശുകളുടെ ,കുറ്റിചെടികളുടെ മാറിമാറി വരുന്ന വിന്യാസങ്ങള്‍ സിനിമയെ ഒരു
സവിശേഷാനുഭവമാക്കാന്‍ പര്യാപ്തമായിരിക്കുന്നു.

ചിത്രത്തിലെ ഒരു രംഗം . ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന  ,അരക്ഷിതമായ
താല്‍ക്കാലികക്കൂടാരങ്ങള്‍ . അശാന്തമായ രാത്രി . കൂടാരങ്ങളിലൊന്നില്‍
അവര്‍ ഒത്തുകൂടിയിരിക്കുന്നു . താരീഖ് . ഗെയ്ദ .  സായുധപോരാളികളായ
യുവാക്കള്‍ . യുവതികള്‍  . ദേശം നഷ്ടപ്പെട്ട ദേശസ്നേഹികള്‍ . എല്ലാം
മറന്ന് അവര്‍ പാടുകയാണ് .  ചോരകൊണ്ടും കണ്ണീരുകൊണ്ടും നിരന്തരമായ
ബലികൊടുക്കലുകള്‍കൊണ്ടും കീറിപ്പറിഞ്ഞ സമകാല പലസ്തീനിന്റെ വേദന മുഴുവന്‍
നിറഞ്ഞ പാട്ട്.
'' രാതീ,
നില്‍ക്കൂ ,
പോകരുതേ ,
പകല്വന്നാല്‍
എല്ലാ മുറിവുകളും
തുറന്നു കാട്ടപ്പെടും .
രാതീ ,
നില്‍ക്കൂ ,
മാഞ്ഞു പോകരുതേ .''




ക്യാമറക്കളി


LIGHT IN DARKNESS
Directors:
Helena Ignez, Ícaro Martins
Writers:
Helena Ignez (screenwriter), Ícaro Martins (screenwriter)
Stars:
Thais Almeida Prado, Arrigo Barnabé and Ariclenes Barroso

കുറ്റവാളികളുടെ ലോകം  . കറുത്തിരുണ്ട ലോകം  .  കട്ടചോരയുടെ ലോകം  .  കൊലപാതകങ്ങളുടെ ലോകം . കൊള്ളയടിക്കലുകളുടെ ലോകം  .കടന്നു കയറ്റങ്ങളുടെ ലോകം .  കള്ളക്കണ്നോട്ടങ്ങളുടെ ലോകം .  കാടന്‍ ചതികളുടെ ലോകം  .കട്ടിനിറങ്ങളുടെ മാരകലോകം  . കാര്‍ന്നു തിന്നുന്ന ഭീതികളുടെ ലോകം . കുമിഞ്ഞു നാറുന്ന തത്വ ചിന്തകളുടെ ലോകം . കുതറിത്തുള്ളുന്ന പളപളപ്പുകളുടെ ലോകം . കത്തുന്ന ഏകാന്തതയുടെ ലോകം . കാറിപ്പിടയുന്ന സംഘര്‍ഷങ്ങളുടെ ലോകം .  ക്രൂരമായ ദൈവാനുഗ്രഹങ്ങളുടെ ലോകം . കൂടിപ്പിണഞ്ഞു പെരുകുന്ന വിലക്ഷ്ണകാമനകളുടെ ലോകം .  കൊടും ദാരിദ്ര്യം നടമാടുന്ന,നാനാവിധമാകുന്ന  മൂന്നാം രാജ്യലോകം . കാലികത്തിള്‍ക്കങ്ങളില്‍ തെന്നുന്ന മായികമനസിന്റെ ലോകം . കൊത്തിപ്പറിക്കുന്ന  അധികാരത്തിന്റെ  , അഴിമതിയുടെ ലോകം . കണ്ണുകാണാതാവുന്ന സമ്പത്തിന്റെ ലോകം.......   .  ചലച്ചിത്ര ഭാഷയെ പ്രകോപിപ്പിക്കുന്ന ലോകങ്ങള്‍ . ക്യാമറ കേറിക്കളിച്ച് രൂപപ്പെടുന്ന ചലച്ചിത്ര ഭാഷാലോകങ്ങള്‍.






ഒരു വിയറ്റ്നാമീസ് ചിത്രത്തെക്കുറിച്ച്


BI , DON"T BE AFRAID
Director: Dang Di Phan
Writer: Dang Di Phan
Stars: Thanh Minh Phan, Thi Kieu Trinh Nguyen and Ha Phong Nguyen


സ്നേഹക്കടലായും  കാമക്കൊടുങ്കാറ്റായും പിടികിട്ടാനദിയായും ഭാരച്ചരക്കായും അതിതിക്തമന്ദിരമായും കന്നിയല്ഭുതവേദിയായും  പരീക്ഷ്ണശാലയായും ധൂര്ത്തന്റെരാജ്യമായും പ്രണയക്കൂടായും വേദനപ്പുസ്തകമായും ആരാജകധന്യതയായും ദീനതച്ചിത്രമായും ദാഹമോഹക്കാടായും ഇന്ദ്രജാലചിപ്പിയായും കാവ്യതാഴ്വരയായും നിസ്സഹായനിശബ്ദതയായും അന്ശ്വരതാവിലസിതമായും മരണസഞ്ചാരമായും   മാറിമാറി വരുന്ന മനുഷ്യശരീരത്തിന്റെ ഭിന്നഭാവങ്ങള്‍ BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.

ഓടുന്ന കാലായും വിസ്മയിക്കുന്ന കണ്ണായും കൌതുകംകൊള്ളുന്ന കാഴ്ച്ചപ്പതിപ്പായും മുതിര്‍ന്നവരേക്കാള്‍ മുതിര്‍ന്ന ഭൂമിസ്നേഹമായും   ഇലമണമായും ചോദ്യപ്പതിവായും  ഓമനച്ചന്തമായും പകര്‍ന്നാടുന്ന ബാല്യത്തിന്റെ ബഹുതലദൃശ്യങ്ങള്‍  BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.

ഐസ് ഫാക്ടറിയ്ക്കുള്ളിലെ നനഞു മങ്ങിയ പ്രകാശത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നീരാവിപ്പടര്‍പ്പുകളും ഐസ്കഷ്ണങ്ങളുടെ തണുപ്പും സമുദ്രതീരപ്പാറകളുടെ അശാന്തമൌനവും വീടിനുള്ളിലെ വിരസദിനസരികളും വീടിനു ചുറ്റുവട്ടത്ത്തിലെ നീളന്‍ പുല്ചെടികളുടെ കടുംപച്ചക്കൂട്ടങ്ങളും മദ്യശാലയിലെ ചകിതമാകുന്ന ചില്ലുഗ്ളാസ്സുകളും കുടിച്ചുമറിയുന്ന ജീവരൂപങ്ങളും   വ്യാഖ്യാനപ്രത്യക്ഷങ്ങളായി BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.

വാര്ധ്യകത്ത്തിന്റെ വെളിച്ചത്തേക്കാള്‍ ഇരുട്ടും സ്ത്രൈണചോദനകളുടെ നിറത്തേക്കാള്‍ നിറമില്ലായ്മയും കുട്ടിക്കാലത്തിന്റെ വിലോലതയേക്കാള്‍ വിശകലനങ്ങളും മനുഷ്യജീവിതത്തിന്റെ ലയത്തേക്കാള്‍ ലക്കുകെടലുകളും സമൂഹത്തിന്റെ അനന്യത്യേക്കള്‍ അന്യവല്‍ക്കരണവും BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.





Dang Di Phan


നിശബ്ദചലച്ചിത്രഭാഷ


LE HAVRE
Direction : Aki Kaurismäkii
Screenplay :  Aki Kaurismäki
Cast:André Wilms ,Kati Outinen,Jean-Pierre Darroussin Blondin Miguel
Cinematography : Timo Salminen

Le Havre അസാധാരണ ചിത്രമല്ല  .  എന്നാല്‍ നിശ്ശബ്ദതയെ  ദൃശ്യങ്ങളാക്കുന്ന ചിത്രമാണ്  .   വൃദ്ധനും ഷൂ പോളീഷുകാരനും മുന്‍കാലജിപ്സിയുമായ ഒരു നിശ്ശബ്ദ നായകന്‍  . എഴുത്ത് ഉള്ളില്‍ സൂക്ഷിക്കുന്ന അയാളുടെ നിശ്ശബ്ദത . നായകന്‍റെ പത്നിയായ വൃദ്ധസ്ത്രീയുടെ നിശ്ശബ്ദത . അഭയാര്‍ഥിയായിതീര്‍ന്ന ഒരു ആഫ്രിക്കന്‍ കുട്ടിയുടെ നിശ്ശബ്ദത   .  അവര്‍ക്കിടയിലെ നിശ്ശബ്ദബന്ധങ്ങള്‍ . നിശ്ശബ്ദമനുഷ്യ ചലനങ്ങള്‍  .  നിയമപാലകരുടെ നിശ്ശബ്ദനീക്കങ്ങള്‍  .  നിശ്ശബ്ദമനുഷ്യസംഭാഷണങ്ങള്‍ .  നിശ്ശബ്ദമായോടുന്ന വണ്ടികള്‍ . ബാറിലെ ചില്ലുഗ്ളാസ്സുകളില്‍ നിറയുന്ന വൈറ്റ് റമ്മിന്റെ നിശ്ശബ്ദത  . സന്തതസഹചാരിയായ ഒരു നായയുടെ നിശ്ശബ്ദത . നിശ്ശബ്ദമായ സ്നേഹപ്രകടനങ്ങള്‍  . നിശ്ശബ്ദമായ രോഗക്കിടക്ക . നിശ്ശബ്ദദാരിദ്ര്യം  . നിശ്ശബ്ദമായ വെളിച്ചം . നിശ്ശബ്ദമായ ജലാശയം  . നിശ്ശബ്ദമായ നൌകകള്‍  .  നിശ്ശബ്ദമായ  സ്ഥലകാലങ്ങള്‍  . നിശ്ശബ്ദമായ തെരുവുകള്‍ . നിശ്ശബ്ദതയില്‍ നിന്നും പെട്ടെന്നുയര്‍ന്ന് നിശ്ശബ്ദതയെ കൂടുതല്‍ നിശ്ശബ്ദതയാക്കി നിശ്ശബ്ദതയില്‍ മായുന്ന സംഗീതം , സംഗീതമേളം .   നിശ്ശബ്ദം നിവരുന്ന ഫ്രാന്‍സിന്റെ സമകാലം  . അതിന്റെ നിശ്ശബ്ദ പരിച്ചേദം  . നിരന്തരം ആര്‍ദ്രത . നിരന്തരം നിശ്ശബ്ദത  . ഉടനീളം ആര്‍ദ്രമായനിശ്ശബ്ദത .  നിശ്ശബ്ദ ചലച്ചിത്രഭാഷ.



Friday, November 2, 2012

ലോകചലച്ചിത്രകലയില്‍ സംഭവിക്കുന്നത്



ഈയിടെ ഫിലിംഫെസ്റ്റിവലുകളിലും അല്ലാതെയും കണ്ട സമകാലലോകസിനിമകള്‍ പലതലങ്ങളില്‍ എല്ലാത്തരം സമഗ്രാധിപത്യത്തിനുമെതിരായ പ്രതിരോധങ്ങള്‍ പങ്കിടുന്നു എന്നത് ശ്രദ്ധേയമാണ്.ഏതുതരം മതവ്യവസ്ഥയും ഏതുതരം രാഷ്ട്രീയവ്യവസ്ഥയും ഏതുതരം സദാചാരവ്യവസ്ഥയും അടിച്ചേല്‍പ്പിക്കുന്ന അപമാനവീകരണത്തിനും അധികാരവികലതകള്‍ക്കും എതിരായ ഒരു പ്രതിരോധമാണിത്.സമ്ഗ്രാധിപത്യ പ്രവണതകള്‍ അത്രമേല്‍ വിനാശകരമാണെന്നും അപ്രസ്ക്‍തമാണെന്നും ഈ ചലച്ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.ഇത് ചലചിത്രകലയുടെ മറ്റൊരു  സഞ്ചാരമാണ്.മറ്റൊരു  കുതറിത്തെറിക്കല് .തുറന്നതും സ്വതന്ത്രവുമായ കാഴ്ചകളില്‍ താനേ രൂപം കൊള്ളുന്ന മറ്റൊരു  ജീവിതം.പ്രണയമോ സ്ത്രീ-പുരുഷ ബന്ധമോ ലൈംഗികതയോ കലാപമോ പരിസ്ഥിതിയോ ആത്മീയതയോ നൃത്തമോ സംഗീതമോ രാഷ്ട്രീയമോ പ്രവാസമോ പലായനമോ ....അങ്ങനെയങ്ങനെ ഉള്ളടക്കങ്ങള്‍ എന്തുമാകട്ടെ ,ആത്യന്തികമായി മേല്‍ സൂചിപ്പിച്ച പ്രതിരോധത്തിന്റെ മുഴകങ്ങള്‍ എറിയോ കുറഞ്ഞോ ദൃശ്യഭാഷയിലേക്ക് കയറിവരുന്നത് കാണാം.എല്ലാ പരിമിതികളോടെയും ലോകചലച്ചിത്രകല ഭാവിയുടെ തുറസ്സുകളെ സൂക്ഷ്മതകളില്‍ വെച്ച് തിരിച്ചറിയാന്‍ തുടങ്ങുന്നതിന്റെ അടയാളങ്ങളായി ദൃശ്യഭാഷ മാറുന്നു എന്നര്‍ഥം.പലയിടങ്ങളില്‍ പാടേ തുറന്നിടപ്പെടുകയും മറ്റിടങ്ങളില്‍ ആഞ്ഞടഞ്ഞുകിടക്കുകയും ചെയ്യുന്ന ആഗോളീകരണം സാധ്യമാക്കിയ വിപണിയുടെ തുറസ്സുകളല്ല ഈ ചിത്രങ്ങളില്‍ കാണാനാവുക.മറിച്ച്,ആഗോളീകരണലോകക്രമത്തിലൂടെയും സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെയും ഒളിച്ചുകടക്കുന്ന സമഗ്രാധിപത്യപ്രവണതകളുടെ അദൃശ്യസാന്നിധ്യങ്ങളെക്കൂടി ഇത്തരം ചലച്ചിത്രങ്ങള്‍ പ്രതിരോധിക്കുന്നുണ്ട് .കൃത്യമായ പ്രത്യയശാസ്ത്രസമീപനത്തിന്റെയും രാഷ്ട്രീയസിദ്ധാന്തങ്ങളുടെയും ഭാരങ്ങള്‍ കുടഞ്ഞെറിഞ്ഞുകൊണ്ട് ലോകമെമ്പാടുമുള്ള ജനത സാമൂഹികസഹനങ്ങളെ മനസ്സിലാക്കുമ്പോള്‍ സംഭവിക്കുന്ന സവിശേഷമായ ജനകീയസ്വാംശീകരണത്തിന്റെ കലാപരമായ ആവിഷ്ക്കാരങ്ങള്‍ ,അടിയൊഴുക്കുകള്‍ പുതുകാലചലച്ചിത്രങ്ങളില്‍ സന്നിഹിതമായിരിക്കുന്നു.ചലച്ചിത്രങ്ങള്‍ക്കുള്ളില്‍ തന്നെ സ്വതന്ത്രമായിതീരൂന്ന ചലച്ചിത്രപ്രയോഗങ്ങള്‍ ഇവ നിര്‍മ്മിക്കുന്നു.ഉള്ളടക്കത്തില്‍ ഊന്നുകയല്ല,പകരം വളരെവ്യത്യസ്തമായ ഫ്രെയിമുകളിലൂടെ ,കോല്‍സ്സപ്പ്-ലോങ് -സൂം ഷോട്ടുകളുടെ രസകരവും അസാധാരണവുമായ കലര്‍പ്പുകളിലൂടെ ,ലാന്ഡ്സ്കേപ്പുകളേയും  ഇന്‍റ്ററിയറിനേയും  വെളിച്ചത്തെയും സാങ്കേതികവിദ്യകളുടെ പരപ്പുകളെയും വ്യക്തികളുടെ ആന്തരിക ചലനങ്ങളെയും ജനതയുടെ ജനിതകസഞ്ചാരങ്ങളെയും പ്രത്യേകതരത്തില്‍ വിന്യസിക്കുന്നതിലൂടെ വിഷ്വല്‍ലാങ്ഗ്വേജിന്റെ വിശാലതയിലേക്ക് ഉള്ളടക്കത്തെ ലയിപ്പിക്കാനും സര്‍ഗാത്മകമാക്കാനും ശ്രമിക്കുന്ന സാക്ഷാത്ക്കാരങ്ങളായി ചലച്ചിത്രകല മാറുന്നു.ആഴത്തില്‍ വിശകലനം ചെയ്താല്‍ ഇതൊരു മാറ്റമല്ല.ഇന്നത്തെ ലോകസാഹചര്യങ്ങള്‍ കൊണ്ടുവരുന്ന വേറിട്ട സ്വാഭാവികതയാണ്

TRIUMPH OF WILL




ഹിറ്റ്ലര്‍ സുന്ദരനായ ഒരു മാന്ത്രികനായിരുന്നുവെന്നും ഏകാധിപത്യം മാരകമായ മാന്ത്രികതയാന്നെന്നും ആ മാന്ത്രികതയുടെ പ്രച്ചണ്ട മാസ്മരികതയിലാണ് ആള്‍ക്കൂട്ടത്തിനു ഭ്റാന്തു പിടിക്കുന്നതെന്നും ഭ്റാന്തന്‍ ആള്‍ക്കൂട്ടമാണ് ഏറ്റവും വലിയ അശ്ലീലതയെന്നുംTriumph of Will എന്ന ചിത്രം ഇന്ന് കാണുമ്പോള്‍ മനസ്സിലാകുന്നു.ബീഭല്സപ്രഭയോടെ ഹിറ്റ്ലര്‍ വെട്ടിത്തിളങ്ങിയ ന്യുറംബെര്‍ഗ് ദിനങ്ങള്‍ ചിത്രത്തില്‍ വിശദമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.രെഫിന്‍സ്റ്റാലിന്റെ ചലച്ചിത്ര സങ്കേതങ്ങള്‍ ,ക്യാമറ ,ടെലിഫോടോ ലെന്‍സിന്റെ പ്രയോഗം ,പുതുമയുള്ള സംഗീതം ,ചായാഗ്രഹണം തുടങ്ങിയവ ഈ ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.

ഹിറ്റ്ലര്‍ സ്വയം തിരക്കഥയും സംഭാഷണവും എഴുതി ,സ്വയം സംവിധാനം ചെയ്ത്,സ്വയം സൂപര്‍ നായകനായി അഭിനയിച്ച ,ഒരുപാട് കൊട്ടിഘോഷിക്കപ്പെട്ട ,ഒരു കാലഘട്ടത്തിന്റെ നേര്‍ ചിത്രം ഇതിലുണ്ട്.ഊതിവീര്‍പ്പിച്ച സ്വര്‍ഗങ്ങള്‍ കൊണ്ട് അയാള്‍ നിര്‍മിച്ച മസാലച്ചിത്രം എങ്ങനെ ചരിത്രത്തിന്റെ ബോക്സോഫീസില്‍ പൊട്ടിത്തകരന്നുതലകുത്തിവീണു എന്നാലോചിക്കാന്‍ ഈ ഡോക്യുമെന്‍ട്റി പ്രേരിപ്പിക്കുന്നു. 

രാജ്യസ്നേഹപ്രഘോഷനങ്ങളുടെ മിഥ്യാടനങ്ങള്‍ ആള്‍കൂട്ടത്തില്‍ മദം നിറക്കുകയും അവര്‍ അപമാനവീകരനത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും കൂട്ടികൊടുപ്പുകാരും സ്തുതിപാടകരുമായി മാറുകയും ചെയ്യുമെന്ന കഥാന്തരം അഥവാ പാഠാന്തരം വര്‍ത്തമാനകാലത്ത് ഈ ചിത്രം അവശേഷിപ്പിക്കുന്നു .രാജ്കപൂറും മനോജ്കുമാറും മണിരത്നവും മുതല്‍ മേജര്‍ രവി വരെയുള്ള നമ്മുടെ മുഖ്യധാരാസംവിധായകരുടെ ചിത്രങ്ങളിലെ ആദര്‍ശാത്മകരാജ്യസ്നേഹത്തിന്റെ വ്യാജരൂപങ്ങള്‍ കൂടി ഇത്തരമൊരു പാഠാന്തര വ്യാഖ്യാനത്തില്‍ നഗ്നമാക്കപ്പെടുന്നുണ്ട് .

,ഹിറ്റ്ലരുടെ പതാപ കാലത്തെ പ്രകീത്തിക്കുന്ന ,കൃത്യമായി രേഖപ്പെടുത്തുന്ന ഈ ഡോകുമെന്റിയുടെ കാണികളില്‍ ചിലരെങ്കിലും ഹിറ്റ്്ലറിസത്ത്തിന്റെ പില്‍ക്കാലം നല്‍കിയ ചരിത്ര പാഠത്ത്തിലേക്ക് അല്പ്പനേരമെങ്ങിലും നടന്നിരിക്കും ,തീര്‍ച്ച .


Triumph Of Will (German-1935)
Direction-Leni Riefenstahl.
Screenplay-Leni Riefenstahl,Walter Ruttmann.
Music-Herbert Windt,Richard Wagner.
Cinematography-Sepp Allgeir,Karl Attenberger,Werner Bohne
Cast-Adolf Hitler,Hermann Goring ,Joseph Goebbels.

ഫ്ളെമിന്ഗോ ചിറകുകള്‍




ശരീരചലനങ്ങളിലെ ജനാധിപത്യത്തെ രൂപപ്പെടുത്തുന്നതില്‍ യാത്രകള്‍ക്കുള്ള പങ്കു ചെറുതല്ല .'വെല്‍ട്രെയിന്റ്റായ' ചലനങ്ങള്‍ക്ക് ബദലായി ഒരു ശരീരസംസ്കാരം ,നടപ്പിന്റെയും എടുപ്പിന്റെയും ഒരു 'നോമാഡിക് എലിമെന്ട്' യാത്രകള്‍ കൊണ്ടു വരുന്നു.ബോഡിപോയെറ്റിക്സിനെക്കുറിച്ചുള്ള എല്ലാ സിദ്ധാന്തങ്ങളേയും യാത്രകള്‍ തകര്‍ത്തുകളയുന്നു.ഈ വിധമുള്ള ഒരു ജനാധിപത്യമനോഭാവം ഫ്ളെമിന്ഗോ നൃത്തത്തിലുണ്ട്.ദുഖത്തിനും ആഹ്ളാദത്തിനും അപ്പുറമുള്ള ഉന്മാദം ഫ്ളെമിന്ഗോകളുടെ ജീവിതത്തിലും പ്രണയത്തിലും ബന്ധങ്ങളിലും ചേഷ്ടകളിലും ഉണ്ട് .ജിപ്സികള്‍ ജലം പോലെ പകര്‍ന്നാടി ജീവിതത്തെ അറ്റമെഴാത്ത് കടലാഴമാക്കുന്നു. ഫ്ളെമിന്ഗോനൃത്തത്തിന്റെ ശരീരഭാഷയിലേക്കും ചുവടുകളിലേക്കും കിടിലമാടുന്ന അരക്കെട്ടുകളുടെ ഉത്സവത്ത്തിലേക്കും ഈ കടലുകളാണ് ചിറകടിചിരംപിക്കയറി വരുന്നത്.

ഫ്ളെമിന്ഗോനൃത്തത്തെ ദൃശ്യങ്ങളിലേക്കു പിടിചെടുത്തുകൊണ്ട് ഒരു ജനതയുടെ സംസ്കാരചരിത്രം രേഖപ്പെടുത്തുന്ന ഒരുകൂട്ടം സ്പാനിഷ് ചിത്രങ്ങള്‍ ഇത്തവണ തിരുവനന്തപുരം അന്താരാഷ്‌ട്ര ചലച്ചിത്രോല്സവത്തിലുണ്ട്.മദ്യശാലകളും സംഗീതോപകരണങ്ങളും പിടയുന്ന സംഗീതവും ഇടപിണഞ്ഞു പതഞ്ഞുയരുന്ന ഫ്രെയിമുകളാണ് ഈ ചിത്രങ്ങളുടെ സവിശേഷത.പകിട്ടും തിളക്കവുമുള്ള ദൃശ്യവിന്യാസങ്ങള്‍ സജീവച്ചലച്ചിത്രഭാഷ്യെ അന്വേഷിക്കുന്നു. ആഗോളവല്‍കൃത നാഗരികന്റെ കൃത്രിമത്വവും നാട്യങ്ങളുമുള്ള വെട്ടിത്തിളക്കമല്ല , താന്തോന്നിത്തം കലര്‍ന്ന ഗോത്രത്തനിമയുടെയുടെ പളപളപ്പാണ് ഫ്ളെമിന്ഗോ ചിത്രങ്ങളില്‍ നിറയുന്നത് .അകം ചീഞ്ഞ പുറംമോടിയല്ല,അകമഴിഞ്ഞ വിടര്ച്ചയാണിത് .

ഉപരിപ്ളവരാഷ്ട്രീയത്തിനും ഉള്ളടക്കത്തിനും മാത്രം പ്രാധാന്യം നല്‍കുന്ന പഴയ ചലച്ചിത്രസമീപനം സ്വീകരിക്കുന്നവര്‍ക്ക് ഫ്ളെമിന്ഗോചിത്രങ്ങള്‍ തൃപ്തികരമാവണമെന്നില്ല.ആത്യന്തികമായി ഉള്ളടക്കത്തിലല്ല ഇവയുടെ ഊന്നല്‍ ,ചലചിത്രഭാഷയിലാണ് .ഇതാകട്ടെ ,പുതിയ ലോകച്ചലചിത്രകലയിലെ സ്വാഭാവിക പരിണാമവുമാണ്. ഈ പരിണാമം കൂടുതല്‍ വിശാലവും അഗാധവുമായെക്കാവുന്ന ഭാവിയിലെക്കാന് ലോകച്ചലചിത്രരംഗം സഞ്ചരിക്കുന്നതെന്ന് തോന്നുന്നു.

 
Flamenco Films

Blood Wedding (Di:Carlos Saura)
Carmen (Di:Carlos Saura)
Love the Magician (Di:Carlos Saura)
Flamenco,Flamenco (Di:Carlos Saura)
Camaron:When Flamenco Became Legend (Di:Jaime Chavarri)
Lola:The Film (Di:Miguel Hermoso)

രാത്രിയും മൂടല്‍മഞ്ഞും




History of the cinema is a long martyrology-Gilles Deleuze.


കത്തുന്ന കട്ടച്ചോരയില്‍ എരിഞ്ഞമരുന്ന പ്രണയം .കുടുംബത്തിനുള്ളില്‍ കൊടുംകാറ്റാവുന്ന കാടത്തം നിറഞ്ഞ മാനസ്സികലോകങ്ങള്‍ .ആണുടലിന്റെ അധികാരം വിതക്കുന്ന ഭീതികള്‍.ഇടിഞ്ഞു പൊളിഞ്ഞ സ്ത്രീകള്‍ .ദ്രവിച്ചടര്‍ന്ന കുഞ്ഞുങ്ങള്‍ .........പലായനത്തിന്റെയും പണാധിപത്യത്തിന്റെയും സംഘര്‍ഷങ്ങള്‍ സാമൂഹികജീവിതത്തിലും വ്യക്തികളുടെ ജീവിതത്തിലും ഇങ്ങനെ ചിലത് അവശേഷിപ്പിക്കുമെന്ന മുന്നറിയിപ്പാണ് Night and Fog എന്ന ചലച്ചിത്രം .കീഴ്മേല്‍ മറിഞ്ഞ മനുഷ്യചോദനകളുടെയും നിലതെറ്റിയ നിരാശകളുടെയും കീറിപ്പറിഞ്ഞ ദയനീയതകളുടെയും ദൃശ്യങ്ങള്‍ ഭയാനകമാംവിധം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.കണ്ണുകളോട് യുദ്ധം പ്രഖ്യാപിക്കുകയും കാതുകളെ കുത്തി മുറിവേല്‍പ്പിക്കുകയും ഹൃദയത്തെ ഞടുക്കം കൊള്ളിക്കുകയും ചെയ്യുന്ന ഫ്രയിമുകളാല്‍ രൂപപ്പെടുത്തിയ ഈ ചിത്രത്തില്‍ തീക്ഷ്ണയാഥാര്ത്യങ്ങള്‍ തീപിടിച്ചു സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

ഒരര്‍ഥത്തില്‍ ഇതൊരു സ്ത്രീപക്ഷ സിനിമയാണ് .എന്നാല്‍ പുതുലോകക്രമത്ത്തിലെ മനശാസ്ത്രപരവും സാമൂഹികശാസ്ത്ര പരവുമായ നിരവധി അന്വേഷനങ്ങളെയും ഈ ചിത്രം സാദ്യമാക്കുന്നു.

Night and Fog (Hong Kong)
Di:Ann Hui

അജ്ഞാതരായ ഡെലിഗേറ്റുകള്




സന്തോഷ് ജോര്‍ജ്ജ്.അവന്‍ ഇത്തവണയും തിരുവനന്തപുരത്തെത്തും.വിളിക്കും.ഗോവയില്‍ നിന്നു വിളിച്ചിരുന്നു.മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കാത്ത ചില ചിത്രങ്ങളെക്കുറിച്ച് പറഞ്ഞു. നിരൂപകര്‍ കാണാത്ത പുതു ചലച്ചിത്രപരിണതികളെക്കുറിച്ച് പറഞ്ഞു. ലോകത്തെവിടെയും നടക്കുന്ന പ്രധാന ഫിലിംഫെസ്റ്റിവലുകളില്‍ അവനുണ്ടാകും. സ്വന്തം കൈയ്യില്‍ നിന്ന് പണം ചെലവാക്കി അങ്ങനെ പോകും.നല്ല സിനിമകളെല്ലാം കാണും.വീട്ടില്‍ ഏതാണ്ടെല്ലാ ലോകസിനിമകളുടെയും വലിയ ശേഖരം.സിനിമാസംബന്ധിയായി ആഴവും പരപ്പുമുള്ള അറിവ്.കൃത്യം.പക്വം.സൂക്ഷ്മം. പരമ സാത്വികന്‍.പരമ ശാന്തന്‍.ഒത്തുകൂടുംപോള് ലോകസിനിമയെപ്പറ്റി പൊള്ള അറിവുകള്‍ മാത്രമുള്ള ചിലര്‍ ആരവത്തോടെ സംസാരിക്കും.അവര്‍ക്കിടയില്‍ അവന്‍ മൌനം പാലിക്കും.അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കും. ആരോടും തര്‍കമില്ല.അവന്‍ അപാരത. എല്ലാം ഉള്‍ക്കൊള്ളും.ഒന്നുമെഴുതുകയില്ല.പ്രശസ്തിയില്‍‍ താല്പ്ര്‍യമില്ല.പ്രശസ്തരോട് കൂടണമെന്നില്ല.ശ്രദ്ധിക്കപ്പെടണമേന്നെയില്ല.അടുത്ത സുഹൃത്തുക്കള്‍‍ക്കറിയാം .അവന്‍ തുളൂംബാത്തവന്‍.തെളിമൊഴി.അഹംബോധത്തിന്റെ അഭാവം.പ്രിയപ്പെട്ടവന്‍.സിനിമാരംഗത്തു തന്നെ പ്രവര്‍ത്തിക്കുന്ന പ്രശസ്തരും പ്രമുഖരുമായ പലരേയുംകാള്‍ സിനിമയെ സ്നേഹിക്കുന്ന ,സിനിമയെപ്പറ്റി അറിവുകളുള്ള അജ്ഞാതരായ എത്രയോ ഡെലിഗേറ്റുകള് ‍.തൊട്ടടുത്തു പരിചയപ്പെട്ടാല്‍‍ അവര്‍ അത്ഭുതപ്പെടുത്തും.ചലച്ചിത്രത്തില്‍ അഗാധമായ അറിവുള്ളവര്‍.അവര്‍ക്കും അവന്‍ അത്ഭുതമാകുന്നു.മഹാത്ഭുതം.സിനിമയെപ്പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത എന്നോടും അവന്‍ കൂട്ടുകൂടും.എന്റെ അറിവില്ലായ്മകളെ സഹിക്കും.ഇത്തവണയും അവന്‍ തിരുവനന്തപുരത്തെത്തും.വിളിക്കും.സന്തോഷ് ജോര്‍ജുമായി പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഊറ്റം കൊള്ളുന്നു.       

ലീന മണിമേഖല.സെങ്കടല്‍ .




കവയിത്രിയും അഭിനേത്രിയുമായ ലീന മണിമേഖല സംവിധാനം ചെയ്ത 'സെങ്കടല്‍'(The Dead Sea).ചലച്ചിത്ര സന്ദര്‍ഭം,സിംഹള -തമിഴ് പ്രശ്നം .സ്ഥലം ,ധനുഷ്ക്കോടിക്കടപ്പുറം.ഫ്രെയിമുകളില്‍ നിറയെ അഭയാര്‍ത്ഥിമുഖങ്ങള്‍.കടലതിര്‍ത്തിയില്‍ ക്രൂരമായി വെടിവെച്ചു കൊല്ലപ്പെടുന്ന തമിഴ് മല്‍സ്യത്തൊഴിലാളികള്‍.ഉത്കണ്ഠകള്‍ തകര്‍ത്ത അവരുടെ നിത്യജീവിതം.വംശീയവിദ്വേഷത്തില് ചതിക്കപ്പെടുന്ന , ഇരകളാക്കപ്പെടുന്ന മനുഷ്യര്‍. അവരുടെ പ്രശ്നങ്ങള്‍ ആത്മാര്‍ഥമായും ഏറ്റെടുക്കുന്ന ആക്റ്റിവിസ്റ്റുകള്‍ നേരിടുന്ന മാനുഷികവും നിസ്സഹായവുമായ സംഘര്‍ഷങ്ങള്‍.നീതി നിഷേധങ്ങള്‍ .  നഗ്നമാക്കപ്പെടുന്ന കക്ഷിരാഷ്ട്രീയ കാപട്യങ്ങളുടെ തുടര്‍ ദൃശ്യങ്ങള്‍.മരണം തിരയടിക്കുന്ന കടല്‍.മനുഷ്യശവങ്ങള് അടിഞ്ഞുകേറുന്ന കടല്‍ക്കര.കാറിപ്പറക്കുന്ന കടല്‍പ്പക്ഷികള്‍ . ചലച്ചിത്രത്തില്‍ ഇങ്ങനെ ഒരുപാടുണ്ട്.പ്രധാനവിഷയത്തെ പലതിലേക്കും  ചിതറിച്ച്, കട്ടചോരയില്‍ മുക്കി,മന്‍ഷ്യമാംസപ്പശകൊണ്ടൊട്ടിച്ച്,കൂട്ടിവെക്കുമ്പോള്‍ രൂപപ്പെടുന്ന ചലച്ചിത്ര ശില്‍പ്പം.

അതിതീവ്രമായ വിഷയത്തെ അതിലും തീവ്രമായി ആവിഷ്ക്കരിക്കാനുള്ള ശ്രമം സംവിധായിക നടത്തുന്നുണ്ട്.ശോഭാശക്തിയുടെ തിരക്കഥയും പച്ചത്തെറികലര്‍ന്ന സംഭാഷണകലയും എം.ജെ.രാധാകൃഷ്ണന്റെ ക്യാമറയും ആ തീവ്രതയെ പിടിച്ചെടുക്കാന്‍  ആവുംവിധം ആയുന്നുമുണ്ട്.ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും സങ്കേതങ്ങള്‍ ഇടകലര്‍ത്തിയുള്ള ചലച്ചിത്ര ആഖ്യാനം വിഷയത്തെ മനനസ്സിലാക്കിക്കൊണ്ടുള്ളതാണെന്ന കാര്യത്തിലും സംശയമില്ല.ചിത്രം ആരംഭിക്കുന്നത് ഒരു സിംഹള സൈനികന്റെ മൊബൈല്‍ ഫോണ്‍ പകര്‍ത്തിയ യഥാര്‍ത്ഥവും ഞടുക്കം കൊള്ളിക്കുന്നതുമായ ദൃശ്യങ്ങളിലൂടെയാണ്.എന്നാല്‍,ചിത്രത്തിലുടനീളം ദൃശ്യഭാഷയില്‍ സംഭവിക്കേണ്ടിയിരുന്ന ഒരു കുതിച്ചുചാട്ടം പിന്നീട് പലപ്പോഴും പരിക്ഷീണമായിത്തീരുന്നുണ്ടോ എന്ന സംശയം ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ തോന്നി.മടുപ്പിക്കുന്ന പ്രകടനാത്മകതയിലേക്ക് ,കെട്ടുറപ്പില്ലായ്മയിലേക്ക് ,ഫോഴ്സ്ഫുള്ളായ സിറ്റുവഷനുകളുടെ സര്‍വസാധാരണതയിലേക്ക് ചിത്രം ചിലപ്പോഴെങ്കിലും വഴുതിപ്പോകുന്നതായും തോന്നി.അതേസമയം,സൂക്ഷ്മ വിശകലനത്തില്‍ ഈ ചലച്ചിത്രം അതീവ പ്രസക്തിയുള്ള ഒന്നാണ്.കാരണം,ചലച്ചിത്രം ആത്യന്തികമായി മുന്നോട്ട് വെക്കുന്ന വസ്തുത ചലച്ചിത്രത്തിന്ഠെ എല്ലാ പരിമിതികള്‍ക്കും  പുറത്തേക്കു വളര്‍ന്ന്  ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യത്തെ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ പര്യാപ്തമാണ്.ഇരകളാക്കപ്പെടുന്ന,പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ,അഭയാര്‍ത്ഥികളാക്കപ്പെടുന്ന ,അടിത്തട്ടില്‍ വീണുപോകുന്ന ജനതകളോട് ഇന്ത്യന്‍ ജനാധിപത്യവും അതിന്റെ രാഷ്ട്രീയവ്യവസ്ഥയും ഭരണകൂടതാല്പ്ര്‍യങ്ങളും എത്രത്തോളം നിരുത്തരവാദപരമായും അമാനുഷികമായുമാണ് ഇടപെടുന്നതെന്ന അങ്ങേയറ്റം പ്രസക്തമായ വസ്തുതയാണ് ചിത്രം കാണിച്ചു തരുന്നത്.എവിടെയുമുള്ള അധികാര വ്യവസ്ഥയുടെയും പീഡനസ്വഭാവവും പെരുമാറ്റരൂപങ്ങളും  ഒന്നുതന്നെയാണെന്നു കൂടി ചിത്രം പറയാതെ പറയുന്നു.ആ അര്‍ഥത്തില്‍ ഇതൊരു ഇന്ത്യന്‍ചലച്ചിത്രം എന്നതിനപ്പുറം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ അഭിസംബോധന ചെയ്യുന്ന ചലച്ചിത്രമായിത്തീരുന്നു.അങ്ങനെ ഇതിലെ മാനുഷികവും രാഷ്ട്രീയവുമായ വിവക്ഷകള്‍ സാര്‍വലൌകികമാകുന്നു.

പാപ്പിലിയോ ബുദ്ധ




മഹാത്മാ ഗാന്ധിയെക്കുറിച്ച് ദളിത്‌ സംഘടനകളോ ദളിത്‌ ചിന്തകരോ മുന്നോട്ടു വെക്കുന്ന വീക്ഷണമല്ല എന്റേത് . അതേ സമയം തന്നെ അവര്‍ മുന്നോട്ടു വെക്കുന്ന ഗാന്ധിവിമര്‍ശനങ്ങളില്‍ ചര്‍ച്ച ചെയ്യേണ്ട നിരവധി വസ്തുതകള്‍ ഉണ്ടെന്നും  ഞാന്‍ കരുതുന്നു . മഹാത്മാ ഗാന്ധിയുടെ ഭക്തന്മാര്‍ ചെയ്യുന്നത് പോലെ ഗാന്ധിയെ പൂര്‍ണമായും ആദര്ശവല്‍ക്കരിക്കുന്നത് അവരെ സംബന്ധിച്ച് ശരിയായിവരുമെങ്കിലും എല്ലാവരും അത് ശരിവെക്കണമെന്നു വരുന്നത് ശരിയായ രീതിയല്ല.   മഹാത്മാഗാന്ധി എല്ലാ വിമര്‍ശനത്തിനും അതീതനാണ് എന്ന മട്ടിലുള്ള വീക്ഷണങ്ങളും ജനാധിപത്യപരമല്ല . പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട 'പാപ്പിലിയോ ബുദ്ധ ' എന്ന ചലച്ചിത്രത്തിനെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം ,മനസ്സിലാക്കാന്‍ കഴിഞ്ഞടത്തോളം മഹാത്മാഗാന്ധിയെ വിമര്‍ശനാത്മകമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണെന്നു തോന്നുന്നു . അങ്ങനെയെങ്കില്‍ ആദ്യം നിരോധിക്കേണ്ടത്  ഇന്ത്യന്‍ ഭരണഘടനാ ശില്പി , മഹാനായ ഡോ: ബി ആര്‍. അം ബദ്കറുടെ പുസ്തകങ്ങളാണ് . അത്രയധികം  നിശിതമായ വിമര്‍ശനങ്ങളാണ് മഹാത്മാ ഗാന്ധ്ക്കെതിരെ മഹാനായ അംബദ്കര്‍ ഉന്നയിച്ചിരിക്കുന്നത് .

അദ്ദേഹം എഴ്തുന്നത് നോക്കുക : ''ഗാന്ധി ഒരു മഹാത്മാവാണോ? ഈ ചോദ്യം എന്നില്‍ മടുപ്പുളവാക്കുന്നു......ഒന്നാമതായി എല്ലാ മഹാത്മാക്കളേയും ഞാന്‍ വെറുക്കുന്നു . അവരെയെല്ലാം നിഷ്ക്കാസനം ചെയ്യണമെന്നും ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു .  അവരുടെ സാന്നിധ്യം അവര്‍ക്ക് ജന്മം നല്‍കിയ രാഷ്ട്രത്തിന് ഒരു ശാപമാണെന്നാണ് എന്റെ അഭിപ്രായം .......ദുര്‍ബലന്മാരുടെ ആയുധങ്ങളാണ് വഞ്ചനയും ചതിയും .എല്ലായ്പ്പോഴും ഗാന്ധിയുടെ ആയുധങ്ങളായിരുന്നു ഇവ.....അദ്ദേഹം മുസ്ലീങ്ങളെ സമീപിച്ച്,അധകൃത വര്‍ഗങ്ങളുടെ ആവശ്യങ്ങളെ എതിര്‍ക്കുകയാണെങ്കില്‍ മുസ്ലീങ്ങളുടെ പതിന്നാലിന ആവശ്യങ്ങളെ പിന്താങ്ങാമെന്നു പറഞ്ഞു . എത്ര മര്യാദകെട്ടവനും ചെയ്യാന്‍ മടിക്കുന്ന കാര്യമാണിത് . ഇത് ഗാന്ധിയുടെ ചതിയുടെ ഒരുദാഹരണം മാത്രം.   കഷത്തില്‍ കഠാരയും ചുണ്ടില്‍ ദൈവനാമവും -ഇങ്ങനെയുള്ള  ഒരാളെ മഹാത്മാവെന്നു വിളിക്കാമെങ്കില്‍ ഗാന്ധിയേയും അങ്ങനെ വിളിച്ചോളൂ ......... ഗാന്ധിയുടെ കാലഘട്ടത്തെ ഇന്ത്യയുടെ തമോയുഗം എന്ന് വിളിക്കാം . ഗാന്ധിയുടെ രാഷ്ട്രീയം പൊള്ളയായിരുന്നു .ശബ്ദമുഖരിതമായിരുന്നു . ഇന്ത്യുടെ ചരിത്രത്തിലെ അങ്ങേയറ്റം കപടമായ രാഷ്ട്രീയമായിരുന്നു അത് . രാഷ്ട്രീയത്തില്‍ നിന്ന് ധാര്‍മികതയെ  ഉച്ചാടനം ചെയ്ത് , ഇന്ത്യന്‍ രാഷ്ട്രീയത്തെ വാണിജ്യവല്ക്കരിച്ചതിന്റെ മുഖ്യ ഉത്തരവാദി ഗാന്ധിയായിരുന്നു .'' (ഗാന്ധി ഒരു മഹാത്മാവാണോ? ചിത്ര (മറാത്തി ) ദീപാവലി സ്പെഷ്യലില്‍ (1938 )പ്രസിദ്ദീകരിച്ച ലേഖനം. ഡോ:അംബദ്കര്‍  സമ്പൂര്ണ കൃതികള്‍  വാല്യം 36  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2011 വിവര്‍ത്തനം എം.പി. സദാശിവന്‍.)

തന്റേതായ ബോദ്ധ്യങ്ങളുടേയും  അനുഭവങ്ങളുടേയും പിന്‍ബലത്തില്‍ അംബദ്കര്‍ ഗാന്ധിയെ ഈവിധം കഠിനമായി  വിമര്ശിച്ചതുകൊണ്ട്‌ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ അംബദ്കറുടെ വ്യക്തിമഹത്വവും  സംഭാവനകളുടെ മഹത്വവും ഒട്ടും കുറയുന്നില്ല . അതോടൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉടനീളം ഗാന്ധി നടത്തിയ വലിയ പരീക്ഷണങ്ങളുടെ പ്രസക്തിയും സാധ്യതയും ഇല്ലാതാകുന്നുമില്ല . ഇത് എങ്ങും തൊടാതെയുള്ള പറച്ചിലല്ല . എല്ലാം ഉള്‍കൊള്ളുന്ന , അല്ലെങ്കില്‍ ഉള്കൊള്ളാനോളം വിശാലമാകേണ്ട ജനാധിപത്യത്തിന്റെ ഭാഷയാണ്‌. അവിടെ അം ബദ്കര്‍ക്കും  ഗാന്ധിക്കും ഇടമുണ്ട് . അവരുടെ പരസ്പര വിമര്‍ശനങ്ങള്‍ക്ക്  ('അം ബദ്കറുടെ സത്യഗ്രഹം ,ശരിയായ സത്യഗ്രഹത്തിന്റെ ഹാസ്യാനുകരണമാണെന്ന് 'ഹരിജന്‍' മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഗാന്ധി ശക്തമായി വിമര്‍ശിക്കുന്നുണ്ട്.) ഇടമുണ്ട്. ഇരുവരെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കും ഇടമുണ്ട് .നിരോധനം എന്ന വാക്കു തന്നെ ഒരു ജനതയ്ക്ക് സാധ്യമായ വിധത്തില്‍ നാമിനിയും ആവിഷ്ക്കരിച്ചു കഴിഞ്ഞിട്ടില്ലാത്ത  ,വികസിപ്പിചിട്ടില്ലാത്ത്ത ജനാധിപത്യമെന്ന തുറസ്സില്‍ അപ്രസക്തമാണ് .ഒരു Utopia മണക്കുന്നുണ്ടല്ലേ ? നോക്കെത്താദൂരത്ത് ഒരു Utopia സൂക്ഷിച്ചു കൊണ്ടു മാത്രമേ ഭൂമിയില്‍ അതിന്റെ പരമാവധി ദൂരമെങ്കിലും എത്തിച്ചേരാന്‍ കഴിയൂ .

സത്യത്തില്‍ നിരോധനങ്ങളല്ല നടക്കേണ്ടത്‌ . ഡിബേറ്റുകളാണ്  .നാളെ അംബദ്കറെ വിമര്‍ശിച്ചുകൊണ്ട്  ഒരു ചലച്ചിത്രം പുറത്ത് വന്നാലും ദളിത്‌ സംഘടനകള്‍ ആ ചിത്രം നിരോധിക്കാനല്ല മുറവിളി കൂട്ടേണ്ടത്‌ . മറിച്ച് ,ആ ചലചിത്രത്തെക്കുറിച്ചുള്ള ഒരു ഡിബേറ്റിനാണ്  തയ്യാറാകേകേണ്ടത് .  എം.എഫ് .ഹുസൈന്‍ ,തസ്ലീമാ നസ്രീന്‍ ,സല്‍മാന്‍ റുഷ്ദി ,മീനാ കണ്ടസ്വാമി തുടങ്ങിയ വിഷയങ്ങളിലും നിരോധനമോ നിരോധനത്തിലേക്ക് നയിക്കും വിധമുള്ള പ്രക്ഷോഭണങ്ങളോ ഒരു പരിഷ്കൃത സമൂഹത്തില്‍ നിന്നും ഒഴിവാക്കപ്പെടേണ്ടതും  പകരമായി പരസ്പരസംവാദത്തിന്റെ തലം രൂപപ്പെടുത്തുകയുമാണ് വേണ്ടത് . ആത്യന്തിക വിജയം നേടുക നിരോധനങ്ങള്‍ ആയിരിക്കുകയില്‍ , ജനാധിപത്യ സംവാദങ്ങള്‍ ആയിരിക്കും . അതുകൊണ്ട് തന്നെ 'പാപ്പിലിയോ ബുദ്ധ'ക്ക് പ്രദര്‍ശനാനുമതി നല്‍കുക . ഒപ്പം സംവാദങ്ങള്‍ നടക്കട്ടെ . അത്തരം സംവാദങ്ങളിലൂടെ ചിത്രം മുന്നോട്ടുവെക്കുന്ന ഉള്ളടക്കം  ഉന്നതമായ  ജനാധിപത്യ സംസ്കാരത്തിന്റെ വിശാലതകളില്‍ വെച്ച് വിവേകപൂര്‍വ്വം വിശകലനം ചെയ്യപ്പെടട്ടെ .

'പാപ്പിലിയോ ബുദ്ധ 'ഞാന്‍ കണ്ടിട്ടില്ല. ഒരു കലാസൃഷ്ടി എന്ന നിലയിലുള്ള വിലയിരുത്തല്‍ ഇപ്പോള്‍ സാദ്ധ്യവുമല്ല . ഒരുകാര്യം ചൂണ്ടിക്കാണിക്കട്ടെ . ഉള്ളടക്കം കൊണ്ടുമാത്രം , ഉള്ളടക്കത്തിന്റെ 'പൊളിറ്റിക്കല്‍ കറക്ററ്നെസ് ' കൊണ്ടുമാത്രം ,ഉള്ളടക്കം ഉണ്ടാക്കുന്ന വിവാദങ്ങള്‍ നല്‍കുന്ന താല്‍ക്കാലിക മൈലേജ് കൊണ്ട് മാത്രം ഒരു സിനിമയും  രക്ഷപെടുകയില്ല . ചലച്ചിത്രഭാഷയെ നവീനമായ രീതിയില്‍ സര്ഗാത്മകമാക്കാനും ദൃശ്യാവിഷ്ക്കാരത്തെ സവിശേഷവും സമകാലികമാക്കാനും കഴിഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ എതുസിനിമയും കാലത്ത്തോടോപ്പവും ഭാവിയിലേക്കും സഞ്ചരിക്കുകയുള്ളൂ . ഉള്ളടക്കത്തില്‍ സന്നിഹിതമായിരിക്കുന്ന ദളിതത്വമല്ല ,  ദളിതത്വം  അതിന്റെ പുതിയ കലാഭൂഖണ്ഡങ്ങളെ കണ്ടെത്തുകയും വെളിച്ച്ചപ്പെടുത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടോ എന്ന ചോദ്യമായിരിക്കും അവസാനം അവശേഷിക്കുക. ആ ചോദ്യത്തിന്  കേവലം രാഷ്ട്രീയമായ ഉത്തരങ്ങള്‍ മതിയാകുകയില്ല, കലാസൃഷ്ടിയിലൂടെ തന്നെ ഉത്തരം പറയേണ്ടി വരും .