Saturday, April 19, 2014

ഈ ചലച്ചിത്രം

ഈ ചലച്ചിത്രത്തില് സംവിധായകനായ Carlos Saura - യുടെ സൂക്ഷ്മദൃശ്യനിരീക്ഷണങ്ങള് കാണുന്നു .  ഈ ചലച്ചിത്രം വേറിട്ടു ചിന്തിച്ച  ചിത്രകാരന് Francisco de Goya - യുടെ (1746-1828) ആന്തര ജീവിതത്തെ ആഴത്തില് പിന്തുടരുന്നു  . ഈ ചലച്ചിത്രം വെളിച്ചം വന്നു വീഴുന്ന  വൃദ്ധനായ  ചിത്രകാരന് കഥാപാത്രത്തിന്റെ നരച്ച മുടിയെ സവിശേഷസൌന്ദ്രയത്ത്തോടെ ചില നേരങ്ങളില് ചിത്രീകരിച്ചു കൊണ്ട് ചിത്രകാരനെ തന്നെ ചിത്രമായി വ്യാഖ്യാനിക്കുന്നു .  ഈ ചലച്ചിത്രം ചിത്രകലാനിര്മ്മിതിയെ നിശിതമായി അപഗ്രഥിക്കുന്നു  .  ഈ ചലച്ചിത്രം ചരിത്രത്തിന്റെ ഉപരിപ്ളവമായ രേഖപ്പെടുത്തലുകളെ ചരിത്രവിശകലനങ്ങള് കൊണ്ട് അപരസക്തമാക്കുന്നു  .  ഈ ചലച്ചിത്രം അധികാരത്തിന്റെ ഇടനാഴികളിലെ ചതിപ്രയോഗങ്ങളേയും ഗൂഡതന്ത്രങ്ങളേയും തുറന്നു കാട്ടുന്നു  .  ഈ ചലച്ചിത്രം ഭ്രമാത്മകതയും ഭാന്തും സംഘര്ഷങ്ങളും കൂട്ടികലത്തി പുതിയ നിറങ്ങള് സൃഷ്ടിക്കുന്നു .  ഈ ചലച്ചിത്രം ഇലപൊഴിയും കാലം ചില്ലകളില് മഞ്ഞു പൂക്കുന്ന വൃക്ഷങ്ങളെ പ്രത്യക്ഷപ്പെടുത്തും പോലെ പ്രണയത്തെ ആവിഷ്കരിക്കുന്നു  .   ഈ ചലച്ചിത്രം സംഭാഷണങ്ങളെ അര്ത്ഥങ്ങളുടെ ദൂരങ്ങള് അടയാളപ്പെടുത്തിയ ചൂണ്ടുപലകയാക്കുന്നു  .  ഈ ചലച്ചിത്രം മനുഷ്യബന്ധങ്ങളുടെ ഏറ്റവും ആര്ദ്രമായ തലങ്ങളെ ഏറ്റവും സൌമ്യമായി തൊട്ടു പോകുന്നു  .  ഈ ചലച്ചിത്രം ഒട്ടും  ആദര്ശവല്ക്കരിക്കാതെ  ദേശത്തെ  വരച്ചിടുന്നു .  ഈ ചലച്ചിത്രം രണ്ടു (ചിത്രകാരന് അച്ഛന് , ചിത്രകാരി മകള് ) കഥാപാതങ്ങളിലൂടെ പഴയതലമുറയും പുതിയതലമുറയും തമ്മിലുള്ള സംവാദങ്ങളിലേക്കു പോകുന്നു .  ഈ ചലച്ചിത്രം കണ്ടിറങ്ങിയപ്പോള് കണ്ട രാഷ്ട്രീയ നിരീക്ഷകനായ സുഹൃത്ത് വടക്കേ ഇന്ത്യന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് ഉത്കണ്ഠാകുലമായ കുറേ ചോദ്യങ്ങള് പങ്കുവെച്ചിരുന്നു .  ഈ ചലച്ചിത്രം , വിജയിക്കുന്നവരെല്ലാം ശരിയല്ലെന്നും യഥാര്ത്ഥ ശരിയും അതിന്റെ ചരിത്രവും  ജനങ്ങള്ക്കിടയില് നിന്നും അരങ്ങിലേക്കു  വരാന് സന്ദര്ഭം കാത്തു നില്ക്കുന്നുവെന്നും അന്തിമ വിശകലനത്തില് സൂചിപ്പിക്കുന്ന ഈ  ചലച്ചിത്രം , ആ സുഹൃത്തിന്റെ ചോദ്യങ്ങള്ക്കുള്ള മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു .


Director:
Carlos Saura
Writers:
Carlos Saura, Luigi Scattini
Stars:
Francisco Rabal, José Coronado, Dafne Fernández

Tuesday, December 31, 2013

ആണ്ശരീരത്തില് ഒരു ചലച്ചിത്രം

ആണും ആണും തമ്മിലുള്ള പ്രണയം ,  ലൈംഗികത , വിവാഹം . പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയം ,  ലൈംഗികത , വിവാഹം . ഇതിനൊക്കെയും  ഇടം കിട്ടുന്ന സമൂഹം . അത്തരമൊരു സമൂഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങള് നിറച്ചുവെച്ച ചലച്ചിത്രമാണ് Miguel Ferrari സംവിധാനം ചെയ്ത Blue and Not So Pink . പരമ്പരാഗത സ്ത്രീപുരുഷബന്ധങ്ങളിലും പ്രണയങ്ങളിലും വിവാഹത്തിലും വിശ്വസിക്കുന്നവര്ക്ക് അങ്ങനെ വിശ്വസിക്കാം. അപ്പോഴും അവര് ന്യൂനപക്ഷ ലൈംഗികതയ്ക്കും  അതില് പങ്കാളികളാകുന്നവര്ക്കും കൂടി തുല്യനീതി ഉറപ്പാക്കാന്  വേണ്ടി വാദിക്കുകയും പ്രവര്ത്തിക്കുകയും ചെയ്തുകൊണ്ട് ബഹുസ്വരസഹിഷ്ണുതയുള്ള സമൂഹബോധത്തിലേക്കു സഞ്ചരിക്കണം. ഒരാള്ക്ക്‌ താന് ' ഗേ ' അല്ലെന്നു പറയാനും അങ്ങനെയല്ലാതെ ജീവിക്കാനും എത്രത്തോളം അവകാശമുണ്ടോ അത്രത്തോളം അവകാശം മറ്റൊരാള്ക്ക് താന്  ' ഗേ ' ആണെന്ന് പറയാനും അങ്ങനെ ജീവിക്കാനുമുണ്ടെന്ന് ഈ ചലച്ചിത്രം പറയാതെ പറയുന്നു. ഒപ്പം ആണ്‍ശരീരങ്ങളുടെ ഉത്സവദൃശ്യങ്ങളിലൂടെ മറ്റൊരു ചലച്ചിത്രസാദ്ധ്യതയെ പരിഭാഷപ്പെടുത്തുന്നു . എല്ലാത്തരം മനുഷ്യബന്ധങ്ങളിലും, ഭൂരിപക്ഷലൈംഗികതയിലും ന്യൂനപക്ഷലൈംഗികതയിലും അടക്കം മാനുഷികതയും വൈകാരികതയും വൈകാരിക പ്രതിസന്ധികകളുമുണ്ട് . സംഘര്ഷങ്ങളും അക്രമവാസനകളും ആഹ്ളാദങ്ങളുമുണ്ട് . സ്നേഹത്തിന്റെയും സ്നേഹരാഹിത്യത്തിന്റെയും നിറങ്ങളുണ്ട്.ഒന്നു വിശുദ്ധം മറ്റൊന്ന് വിശുദ്ധമല്ല എന്നു പറയുന്നത് വൈവിദ്ധ്യങ്ങളില് സൌന്ദര്യം കാണാന്  കണ്ണില്ലാത്തവരുടെ അവിശുദ്ധതയാണ്.  ചലച്ചിത്രം പ്രേക്ഷകമനസ്സില് ഇത്തരം ചിന്തകളും  കൊണ്ടിടുന്നു. തീ പിടിക്കാന് ഇടയുള്ള   ഇമ്മാതിരി വിരുദ്ധ ചിന്തകളുടെ മൂല്യനിര്ണയം ഓരോ പ്രേക്ഷകനും അവരവരുടെ  കാഴ്ചപ്പാടിനനുസരിച്ച് നടത്താവുന്നതാണ്.  ചലച്ചിത്രത്തിനകത്തേക്കും പുറത്തേക്കും നീങ്ങുമ്പോള് വെള്ളിത്തിരയിലെ സഞ്ചാരങ്ങളെ ഇടയ്ക്കിടെ സവിശേഷമാക്കുന്ന ആഖ്യാനങ്ങള്  കാണാം .  ചിത്രം പറയുന്നതല്ല, കാണിച്ചുതരുന്നതാണ് കലയെന്ന് വീണ്ടും വീണ്ടും പറയാന് പ്രേരിപ്പിക്കുന്ന ചിലത് ഫ്രെയിമുകളില് നിറയുന്നു. 

എല്ലാത്തരം ലൈംഗികതയും ആത്യന്തികമായി ശരീരത്തിന്റെ ഭാഷയാണ്‌ .  അതേ ഭാഷയെ ചലച്ചിത്രഭാഷയിലേക്ക്  , ചലച്ചിത്രപരിചരണത്ത്തിന്റെ ചില സൂക്ഷ്മ മുഹൂര്ത്തങ്ങളിലേക്ക് പരിവര്ത്തിപ്പിക്കാന് ഈ സിനിമയ്ക്ക് കഴിയുന്നു.  വിമതലൈംഗികതയെന്നോ വിമതജീവിതമെന്നോ ഇപ്പോഴും വിളിക്കപ്പെട്ടുവരുന്ന  , എന്നാല് വിശാലമാനുഷികതയുടെഭാവിയില് ആവിധം വിളിക്കപെടാനിടയില്ലാത്ത്ത ഒരു വിഷയത്തെ ചിത്രപ്പെടുത്തിക്കൊണ്ടു ചലിക്കുന്ന കാഴ്ച അഗാധരാഷ്ട്രീയത്തിന്റെ അത്യഗാധമായ വിവക്ഷകളിലേക്ക് കാണികളെ നയിക്കാന് പര്യാപ്തമാണ്.

Director : Miguel Ferrari
Screenwriter : Miguel Ferrari
Cinematographer : Alexandra Henao
Editor : Miguel Angel Garcia
Cast : Guillermo García, Ignacio Montes, Hilda Abrahamz, Carolina López, Alexander Da Silva, Sócrates Serrano, Elba Escobar
Music : Sergio de la Puente


Tuesday, December 25, 2012

ദേവദാസിന്റെ പാട്ടുകള്‍

കുറച്ചുമുന്പ്  .  വൈക്കം ക്ഷേത്രം  .  ചലച്ചിത്രസംവിധായകനായ ഒരു സുഹൃത്തിന്റെ വിവാഹവേള  .  വര്‍ഷങ്ങള്‍ക്കുശേഷം പണ്ടത്തെ സുഹൃത്തുക്കളില്‍ പലരെയും കണ്ടു .  ആ ദിനം  ,  പക്ഷേ  , ഓര്‍മ്മകളില്‍  സവിശേഷമാകുന്നത് ഗാനരചയിതാവായ ദേവദാസിനെ പരിചയപ്പെടാന്‍ കഴിഞ്ഞതുകൊണ്ടാണ്  .

' കാട്ടുകുറിഞ്ഞി പൂവും ചൂടി
സ്വപ്നം കണ്ടു മയങ്ങും പെണ്ണ്  '
************************************************
' കന്നിപ്പൂമാനം
കണ്ണും നട്ടു ഞാന്‍
നോക്കിയിരിക്കെ  '
*************************************************
' മാന്മിഴിയാള്‍
മനം കവര്‍ന്നു '
തുടങ്ങിയ പാട്ടുകള്‍ എഴുതിയ ദേവദാസ്  .  വയലാര്‍ , പി.ഭാസ്കരന്‍  , ശ്രീകുമാരന്‍ തമ്പി  , കാവാലം  ,പൂവച്ചല്‍ ഖാദര്‍ , എം.ഡി .രാജേന്ദ്രന്‍  എന്നിവരുടെ  പാട്ടുകള്‍ക്കൊപ്പം ഇപ്പോഴും പിന്തുടരുന്ന ദേവദാസിന്റെ പാട്ടുകള്‍   .   ഓരോ കുമരിപ്പെണ്ണിനേയും  ഓരോ മഹാത്ഭുതമാക്കിക്കാണി ച്ചു തന്നുകൊണ്ട് മദിപ്പിച്ചുമാഞ്ഞുപോയ സാന്ദ്രകൌമാരത്തെ ഓര്‍മ്മയിലെത്തിക്കുന്ന പാട്ടുകള്‍   .  യൌവനരഹസ്യങ്ങളെ ചേതോഹരമാക്കിയ പാട്ടുകള്‍  .  പുന്നമടക്കായലില്‍ വീണ നിലാവിനൊപ്പം താരാപഥങ്ങളെ തൊട്ടുണര്‍ത്താന്‍ കൊതിപ്പിച്ച പാട്ടുകള്‍  .  പ്രണയകാലത്ത് അമ്പലപ്പുഴയിലെ രാജമല്ലികളില്‍ ചിത്തരഞ്ഞിനിയാകാന്‍ മോഹിപ്പിച്ച പാട്ടുകള്‍   .  ഏകാന്തവനങ്ങളില്‍  കോവിദാരപപൂക്കളെ ചുംബിച്ചു വിടര്‍ത്തിയ  പാട്ടുകള്‍  .  ലഹരിയുടെ ഉപവനങ്ങളില്‍ ഉന്മാദം പകര്‍ന്ന പാട്ടുകള്‍  .  കാല്‍പനികതയില്‍ ഇടിച്ചുതകര്‍ന്ന ഇടനെഞ്ചുകളില്‍ ചിറകിട്ടടിക്കുന്ന പാട്ടുകള്‍  .  സ്വപ്നങ്ങളില്‍ കുടിച്ചുമറിഞ്ഞ് ഇടറിപ്പോയ വെറും മനുഷ്യരുടെ പാട്ടുകള്‍  .  ചിതറുന്ന കൂട്ടുകാരെ കൂട്ടുകൂടിക്കുന്ന പാട്ടുകളുടെ കൂട്ടുകാരന്‍ നാരായണന്‍കുട്ടിയോടൊപ്പം കൂട്ടുകൂടുന്ന പാട്ടുകള്‍   .   തൃശൂര്‍ നഗരത്തില്‍ വെച്ച് ഡോ. ആര്‍ . സുരേഷിനെ കാണുമ്പോള്‍  മതിമറന്നുകെട്ടിപ്പിടിക്കുന്ന പഴയ കലാലയകവിയുടെ പ്രിയപ്പെട്ട പാട്ടുകള്‍   .  ദേവദാസിന്റെ പാട്ടുകള്‍.

ദേവദാസ് കുറച്ചു മാത്രമെഴുതി  .   എഴുതിയ പാട്ടുകള്‍  .  പാഴാകാത്ത്ത പാട്ടുകള്‍  .  മറവിയില്‍ വീഴാത്ത പാട്ടുകള്‍  .  മടുപ്പിക്കാത്ത പാട്ടുകള്‍  .  രമ്യം  .   രാഗസൌമ്യം  .  രസനീയം.

ഈയിടെ  ദേവദാസിനെ വീണ്ടും കണ്ടു  .  ആലപ്പുഴ നിന്നും ഒരുമിച്ചു യാത്ര ചെയ്തു  .  ഗാനരചനാരംഗത്ത് സജീവമാകുന്ന സന്തോഷം മറച്ചുവെച്ചില്ല  .  പാട്ടെഴുതിയ പുതിയ സിനിമകള്‍ വരുന്നു  .  രാജന്ശങ്കരാടിയുടെ ' ക്ളിയോപാട്റ '  ,   സുരേഷ് ഉണ്ണിത്താന്റെ അടുത്തചിത്രം ....അങ്ങനെയങ്ങനെ  നിറുത്ത്തിയിടത്തു നിന്നും മറ്റൊരു യാത്ര തുടങ്ങുകയാണ്   .   പാട്ടുയാത്ര  .   പുറത്തുവരാനുള്ള  പാട്ടുകള്‍ പാടിക്കേള്‍പ്പിച്ചു  .   മനോഹരമായ പാട്ടുകള്‍   .  പുത്തന്‍ പ്രതീക്ഷകള്‍  പങ്കുവെച്ചു   . സമയം പോയതറിഞ്ഞില്ല  .  ഹരിപ്പാട്ടെത്ത്തിയപ്പോള്‍ യാത്രപറഞ്ഞ്  ദേവദാസ് ഇറങ്ങിപ്പോയി.
തിരുവനന്തപുരം ലക്ഷ്യമാക്കി ബസ്സ്‌  ഓടിക്കൊണ്ടിരുന്നു.
തനിച്ചിരിക്കുമ്പോള്‍ ഒരു പകല്‍സ്വപ്നം കണ്ടു  .  മഴയുടെ മൃദംഗജതികള്‍   .   വെയിലിന്റെ വയലിന്‍കമ്പികള്‍   .   മഞ്ഞിന്റെ പിയാനോതാഴ്വരകള്‍   .   അതിനിടയില്‍ എവിടെനിന്നോ ദേവദാസിന്റെ പാട്ടുകള്‍ കേള്‍ക്കുന്നു  .   പാട്ടുകള്‍ക്കൊപ്പം ഒരു പെണ്‍കുട്ടിയെ കാണുന്നു  .  വിടര്‍ന്ന കണ്ണുകളുള്ള പെണ്‍കുട്ടി  .  എവിടെയോ കണ്ടുമറന്ന പെണ്‍കുട്ടി  .  ഉടലുകള്‍ക്കപ്പുറം  ഒരു മഴവില്‍പെണ്‍കുട്ടി .

രാതീ , നില്‍ക്കൂ , മാഞ്ഞുപോകരുതേ.

തീരാത്ത യുദ്ധഭീതികള്‍ . ശ്വാസം മുട്ടിക്കുന്ന സംഘര്‍ഷങ്ങള്‍ . കുരുങ്ങി
മുറുകുന്ന സഹനങ്ങള്‍ .  ഗതികെട്ട പലായനങ്ങള്‍ . കൂടപ്പിറപ്പുകളുടെ
കാണാതാകലുകള്‍  . അനാഥമാകുന്ന കാത്തിരിപ്പുകള്‍ . പുകയുന്ന
അതിര്‍ത്തികളില്‍ അമാനുഷികമാകുന്ന മനുഷ്യനിയോഗങ്ങള്‍ . അഭയം നഷ്ടപ്പെട്ട
ആധിപിടിച്ച കാലുകളുടെ ദയനീയമായ നെട്ടോട്ടങ്ങള്‍ .........  ഈ വിധം
നാനാവിധമാകുന്ന ഒരു ഒരു ജനതയുടെ പിടച്ചിലുകള്‍ കവിതയില്‍
തേച്ചുപിടിപ്പിച്ചുകൊണ്ടാണ് പലസ്തീനിയന്‍ കവികള്‍ എല്ലാവിധ
അപമാനവീകരനത്ത്തിനുമെതിരായ  കവിതയുടെ ചുടുകട്ടച്ചുമരുകള്‍
നിര്‍മ്മിച്ചെടുക്കുന്നത് .  മഹ്മൂദ് ദാര്വിഷ് , തവ്ഫീക് സിയാദ് , തമീം
ബര്‍ഗൌട്ടി , ഹിന്ദ്‌ ഷൌഫാനി , ഇബ്രാഹിം നസേരല്ല ,താഹാ മുഹമദലി ,ദിമ
ഹിലാല്‍ , അമിരി ബറാക്ക , ഹമീദാ ബീഗം ,സുഹൈര്‍ ഹാമാദ് ,ബഷീര്‍ കോപ്തി ,
തഹാനി സലാഹ് ...തുടങ്ങി നിരവധി കവികള്‍ പ്രതിരോധത്തിന്റെ പ്തിഘടനകള്‍
കവിതയില്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു .
കാണാക്കണ്ണീരില്‍ കഴുക്കിപ്പിഴിഞ്ഞെടുത്ത സ്വപ്നങ്ങള്‍  . ദേവദാരുകളിലും
മാതളമരങ്ങളിലും കുരുക്കുയിട്ട് ഉണക്കിയെടുക്കുന്ന സ്വപ്നങ്ങള്‍ .
പെരുകുന്ന ആശങ്കകളെ അത്തരം സ്വപ്നങ്ങള്‍ കൊണ്ടു മൂടിമറച്ച്
അതിജീവിക്കുന്ന മനുഷ്യര്‍ . സൂക്ഷ്മാഖ്യാനത്ത്തില്‍ വ്യത്യസ്ത്രാകുംപോഴും
ആ മനുഷ്യരുടെ ഭാഷയെ കവിതയില്‍ വീണ്ടും വീണ്ടും കണ്ടെത്തുകയാണ് ഓരോ
പലസ്തീനിയന്‍ കവിയുമെന്ന് പൊതുവില്‍ പറയാം.

കവികള്‍ കാവ്യഭാഷയില്‍ പ്രകാശിപ്പിക്കുന്നതിനെ മറ്റൊരുരീതിയില്‍
പലസ്തീനിയന്‍ ചലച്ചിത്രങ്ങള്‍ ദൃശ്യഭാഷയില്‍ ആവിഷ്ക്കരിക്കുന്നു.
അന്നമേരി ജാസിര്‍ (Annemarie Jacir) സംവിധാനം ചെയ്ത ' ഞാന്‍ നിന്നെ
കണ്ടപ്പോള്‍ ' ( When I Saw You -2012 )എന്ന പലസ്തീനിയന്‍
ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയിലും ഇതേ ആവിഷ്ക്കാരത്തിന്റെ അടരുകള്‍ കാണാം
. ജോര്‍ദാനിലെ അഭയാര്‍ഥിക്ക്യാമ്പ്  .അവിടെക്കഴിയുന്ന അച്ഛനെ നഷ്ടപ്പെട്ട
സ്കൂള്‍ക്കുട്ടിയായ താരീഖ് .അവന്റെ അമ്മയായ ഗയ്ദ . ഇരുവരുടേയും
ജീവിതസന്ദര്‍ഭങ്ങളിലൂടെ നീങ്ങുന്ന ക്യാമറക്കണ്ണുകള്‍  . ദൃശ്യങ്ങളില്‍
സമകാല പലസ്തീനിന്റെ പിഞ്ഞിക്കീറലുകള്‍ . അടക്കിപ്പിടിച്ച ഏങ്ങലുകള്‍ .

അഭയാര്‍ഥികളേയും വഹിചെത്തുന്ന ഓരോ ട്റെക്കുകളിലും കലാപങ്ങളില്‍ കാണാതായ
അച്ഛനെ തിരയുന്ന താരീഖിന്റെ ദൃശ്യത്തോടുകൂടിയാണ് ചലച്ചിത്രം
ആരംഭിക്കുന്നത് . പിന്നീട് ദൃശ്യങ്ങളാണ് സംസാരിക്കുന്നത് .
കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ ദൃശ്യപ്പടവുകളിലെ കൈവരികള്‍ പോലെ സംവിധായിക
പാകപ്പെടുത്തിയെടുത്തിരിക്കുന്നു .  സ്വാതന്ത്ര്യസാക്ഷാത്കാരം തേടി
തീവ്റപരിശീലനത്തിലേര്പ്പെട്ടിരിക്കുന്ന പലസ്തീനിയന്‍
സ്വാതന്ത്ര്യസമരപ്പോരാളികളോ ടൊപ്പം താരീഖിന്റെയും  ഗെയ്ദയുടെയും
ദിനങ്ങള്‍ കടന്നു പോകുന്നുണ്ട് . നഷ്ടനാടിന്റെ സന്തതികളായ  വിപ്ളവകാരികളെ
സ്നേഹിക്കാന്‍ പ്രേരിപ്പിക്കും വിധത്തിലാണ് അവരെ
ചിത്രീകരിച്ചിരിക്കുന്നത് . സംഗീതത്തേയും സംഗീതോപകരണങ്ങളേയും നെഞ്ചില്‍
ചേര്‍ത്ത വിപ്ളവകാരികള്‍  . ഗിറ്റാറിന്റെയും തപ്പുതാളങ്ങളുടെയും
ഓളങ്ങളില്‍ നൃത്തച്ചുവടുകള്‍ വെക്കുന്ന വിപ്ലവകാരികള്‍ . വിപ്ളവം കനിവും
കനവുമാണെന്നും അങ്ങനെ ആകേണ്ടതുണ്ടെന്നും ഓരോ ദൃശ്യവും
ഓര്‍മ്മിപ്പിക്കുന്നു .  അതോടൊപ്പം വിപ്ലവകാരികള്‍ നേരിടുന്ന
വൈകാരികപ്രതിസന്ധികള്‍ സചേതനമായ ഫ്രെയിമുകളില്‍ നിവര്‍ന്നു വരുന്നു .
സൂം - ക്ളോസപ്പ് -ലോങ്ങ്‌ ഷോട്ടുകളില്‍ ഇടകലരുന്ന പലസ്തീനിയന്‍ ഭൂമിയുടെ
, കാടിന്റെ , വൃക്ഷങ്ങളുടെ  , താഴ്വരകളുടെ , കാറ്റിന്റെ , പാറകളുടെ
,തരിശുകളുടെ ,കുറ്റിചെടികളുടെ മാറിമാറി വരുന്ന വിന്യാസങ്ങള്‍ സിനിമയെ ഒരു
സവിശേഷാനുഭവമാക്കാന്‍ പര്യാപ്തമായിരിക്കുന്നു.

ചിത്രത്തിലെ ഒരു രംഗം . ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന  ,അരക്ഷിതമായ
താല്‍ക്കാലികക്കൂടാരങ്ങള്‍ . അശാന്തമായ രാത്രി . കൂടാരങ്ങളിലൊന്നില്‍
അവര്‍ ഒത്തുകൂടിയിരിക്കുന്നു . താരീഖ് . ഗെയ്ദ .  സായുധപോരാളികളായ
യുവാക്കള്‍ . യുവതികള്‍  . ദേശം നഷ്ടപ്പെട്ട ദേശസ്നേഹികള്‍ . എല്ലാം
മറന്ന് അവര്‍ പാടുകയാണ് .  ചോരകൊണ്ടും കണ്ണീരുകൊണ്ടും നിരന്തരമായ
ബലികൊടുക്കലുകള്‍കൊണ്ടും കീറിപ്പറിഞ്ഞ സമകാല പലസ്തീനിന്റെ വേദന മുഴുവന്‍
നിറഞ്ഞ പാട്ട്.
'' രാതീ,
നില്‍ക്കൂ ,
പോകരുതേ ,
പകല്വന്നാല്‍
എല്ലാ മുറിവുകളും
തുറന്നു കാട്ടപ്പെടും .
രാതീ ,
നില്‍ക്കൂ ,
മാഞ്ഞു പോകരുതേ .''




ക്യാമറക്കളി


LIGHT IN DARKNESS
Directors:
Helena Ignez, Ícaro Martins
Writers:
Helena Ignez (screenwriter), Ícaro Martins (screenwriter)
Stars:
Thais Almeida Prado, Arrigo Barnabé and Ariclenes Barroso

കുറ്റവാളികളുടെ ലോകം  . കറുത്തിരുണ്ട ലോകം  .  കട്ടചോരയുടെ ലോകം  .  കൊലപാതകങ്ങളുടെ ലോകം . കൊള്ളയടിക്കലുകളുടെ ലോകം  .കടന്നു കയറ്റങ്ങളുടെ ലോകം .  കള്ളക്കണ്നോട്ടങ്ങളുടെ ലോകം .  കാടന്‍ ചതികളുടെ ലോകം  .കട്ടിനിറങ്ങളുടെ മാരകലോകം  . കാര്‍ന്നു തിന്നുന്ന ഭീതികളുടെ ലോകം . കുമിഞ്ഞു നാറുന്ന തത്വ ചിന്തകളുടെ ലോകം . കുതറിത്തുള്ളുന്ന പളപളപ്പുകളുടെ ലോകം . കത്തുന്ന ഏകാന്തതയുടെ ലോകം . കാറിപ്പിടയുന്ന സംഘര്‍ഷങ്ങളുടെ ലോകം .  ക്രൂരമായ ദൈവാനുഗ്രഹങ്ങളുടെ ലോകം . കൂടിപ്പിണഞ്ഞു പെരുകുന്ന വിലക്ഷ്ണകാമനകളുടെ ലോകം .  കൊടും ദാരിദ്ര്യം നടമാടുന്ന,നാനാവിധമാകുന്ന  മൂന്നാം രാജ്യലോകം . കാലികത്തിള്‍ക്കങ്ങളില്‍ തെന്നുന്ന മായികമനസിന്റെ ലോകം . കൊത്തിപ്പറിക്കുന്ന  അധികാരത്തിന്റെ  , അഴിമതിയുടെ ലോകം . കണ്ണുകാണാതാവുന്ന സമ്പത്തിന്റെ ലോകം.......   .  ചലച്ചിത്ര ഭാഷയെ പ്രകോപിപ്പിക്കുന്ന ലോകങ്ങള്‍ . ക്യാമറ കേറിക്കളിച്ച് രൂപപ്പെടുന്ന ചലച്ചിത്ര ഭാഷാലോകങ്ങള്‍.






ഒരു വിയറ്റ്നാമീസ് ചിത്രത്തെക്കുറിച്ച്


BI , DON"T BE AFRAID
Director: Dang Di Phan
Writer: Dang Di Phan
Stars: Thanh Minh Phan, Thi Kieu Trinh Nguyen and Ha Phong Nguyen


സ്നേഹക്കടലായും  കാമക്കൊടുങ്കാറ്റായും പിടികിട്ടാനദിയായും ഭാരച്ചരക്കായും അതിതിക്തമന്ദിരമായും കന്നിയല്ഭുതവേദിയായും  പരീക്ഷ്ണശാലയായും ധൂര്ത്തന്റെരാജ്യമായും പ്രണയക്കൂടായും വേദനപ്പുസ്തകമായും ആരാജകധന്യതയായും ദീനതച്ചിത്രമായും ദാഹമോഹക്കാടായും ഇന്ദ്രജാലചിപ്പിയായും കാവ്യതാഴ്വരയായും നിസ്സഹായനിശബ്ദതയായും അന്ശ്വരതാവിലസിതമായും മരണസഞ്ചാരമായും   മാറിമാറി വരുന്ന മനുഷ്യശരീരത്തിന്റെ ഭിന്നഭാവങ്ങള്‍ BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.

ഓടുന്ന കാലായും വിസ്മയിക്കുന്ന കണ്ണായും കൌതുകംകൊള്ളുന്ന കാഴ്ച്ചപ്പതിപ്പായും മുതിര്‍ന്നവരേക്കാള്‍ മുതിര്‍ന്ന ഭൂമിസ്നേഹമായും   ഇലമണമായും ചോദ്യപ്പതിവായും  ഓമനച്ചന്തമായും പകര്‍ന്നാടുന്ന ബാല്യത്തിന്റെ ബഹുതലദൃശ്യങ്ങള്‍  BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.

ഐസ് ഫാക്ടറിയ്ക്കുള്ളിലെ നനഞു മങ്ങിയ പ്രകാശത്തില്‍ നിറഞ്ഞു നില്‍ക്കുന്ന നീരാവിപ്പടര്‍പ്പുകളും ഐസ്കഷ്ണങ്ങളുടെ തണുപ്പും സമുദ്രതീരപ്പാറകളുടെ അശാന്തമൌനവും വീടിനുള്ളിലെ വിരസദിനസരികളും വീടിനു ചുറ്റുവട്ടത്ത്തിലെ നീളന്‍ പുല്ചെടികളുടെ കടുംപച്ചക്കൂട്ടങ്ങളും മദ്യശാലയിലെ ചകിതമാകുന്ന ചില്ലുഗ്ളാസ്സുകളും കുടിച്ചുമറിയുന്ന ജീവരൂപങ്ങളും   വ്യാഖ്യാനപ്രത്യക്ഷങ്ങളായി BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.

വാര്ധ്യകത്ത്തിന്റെ വെളിച്ചത്തേക്കാള്‍ ഇരുട്ടും സ്ത്രൈണചോദനകളുടെ നിറത്തേക്കാള്‍ നിറമില്ലായ്മയും കുട്ടിക്കാലത്തിന്റെ വിലോലതയേക്കാള്‍ വിശകലനങ്ങളും മനുഷ്യജീവിതത്തിന്റെ ലയത്തേക്കാള്‍ ലക്കുകെടലുകളും സമൂഹത്തിന്റെ അനന്യത്യേക്കള്‍ അന്യവല്‍ക്കരണവും BI , DON"T BE AFRAID എന്ന വിയറ്റ്നാമീസ് ചലചിത്രത്തിലുണ്ട്.





Dang Di Phan


നിശബ്ദചലച്ചിത്രഭാഷ


LE HAVRE
Direction : Aki Kaurismäkii
Screenplay :  Aki Kaurismäki
Cast:André Wilms ,Kati Outinen,Jean-Pierre Darroussin Blondin Miguel
Cinematography : Timo Salminen

Le Havre അസാധാരണ ചിത്രമല്ല  .  എന്നാല്‍ നിശ്ശബ്ദതയെ  ദൃശ്യങ്ങളാക്കുന്ന ചിത്രമാണ്  .   വൃദ്ധനും ഷൂ പോളീഷുകാരനും മുന്‍കാലജിപ്സിയുമായ ഒരു നിശ്ശബ്ദ നായകന്‍  . എഴുത്ത് ഉള്ളില്‍ സൂക്ഷിക്കുന്ന അയാളുടെ നിശ്ശബ്ദത . നായകന്‍റെ പത്നിയായ വൃദ്ധസ്ത്രീയുടെ നിശ്ശബ്ദത . അഭയാര്‍ഥിയായിതീര്‍ന്ന ഒരു ആഫ്രിക്കന്‍ കുട്ടിയുടെ നിശ്ശബ്ദത   .  അവര്‍ക്കിടയിലെ നിശ്ശബ്ദബന്ധങ്ങള്‍ . നിശ്ശബ്ദമനുഷ്യ ചലനങ്ങള്‍  .  നിയമപാലകരുടെ നിശ്ശബ്ദനീക്കങ്ങള്‍  .  നിശ്ശബ്ദമനുഷ്യസംഭാഷണങ്ങള്‍ .  നിശ്ശബ്ദമായോടുന്ന വണ്ടികള്‍ . ബാറിലെ ചില്ലുഗ്ളാസ്സുകളില്‍ നിറയുന്ന വൈറ്റ് റമ്മിന്റെ നിശ്ശബ്ദത  . സന്തതസഹചാരിയായ ഒരു നായയുടെ നിശ്ശബ്ദത . നിശ്ശബ്ദമായ സ്നേഹപ്രകടനങ്ങള്‍  . നിശ്ശബ്ദമായ രോഗക്കിടക്ക . നിശ്ശബ്ദദാരിദ്ര്യം  . നിശ്ശബ്ദമായ വെളിച്ചം . നിശ്ശബ്ദമായ ജലാശയം  . നിശ്ശബ്ദമായ നൌകകള്‍  .  നിശ്ശബ്ദമായ  സ്ഥലകാലങ്ങള്‍  . നിശ്ശബ്ദമായ തെരുവുകള്‍ . നിശ്ശബ്ദതയില്‍ നിന്നും പെട്ടെന്നുയര്‍ന്ന് നിശ്ശബ്ദതയെ കൂടുതല്‍ നിശ്ശബ്ദതയാക്കി നിശ്ശബ്ദതയില്‍ മായുന്ന സംഗീതം , സംഗീതമേളം .   നിശ്ശബ്ദം നിവരുന്ന ഫ്രാന്‍സിന്റെ സമകാലം  . അതിന്റെ നിശ്ശബ്ദ പരിച്ചേദം  . നിരന്തരം ആര്‍ദ്രത . നിരന്തരം നിശ്ശബ്ദത  . ഉടനീളം ആര്‍ദ്രമായനിശ്ശബ്ദത .  നിശ്ശബ്ദ ചലച്ചിത്രഭാഷ.