Tuesday, December 31, 2013

ആണ്ശരീരത്തില് ഒരു ചലച്ചിത്രം

ആണും ആണും തമ്മിലുള്ള പ്രണയം ,  ലൈംഗികത , വിവാഹം . പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയം ,  ലൈംഗികത , വിവാഹം . ഇതിനൊക്കെയും  ഇടം കിട്ടുന്ന സമൂഹം . അത്തരമൊരു സമൂഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങള് നിറച്ചുവെച്ച ചലച്ചിത്രമാണ് Miguel Ferrari സംവിധാനം ചെയ്ത Blue and Not So Pink . പരമ്പരാഗത സ്ത്രീപുരുഷബന്ധങ്ങളിലും പ്രണയങ്ങളിലും വിവാഹത്തിലും വിശ്വസിക്കുന്നവര്ക്ക് അങ്ങനെ വിശ്വസിക്കാം. അപ്പോഴും അവര് ന്യൂനപക്ഷ ലൈംഗികതയ്ക്കും  അതില് പങ്കാളികളാകുന്നവര്ക്കും കൂടി തുല്യനീതി ഉറപ്പാക്കാന്  വേണ്ടി വാദിക്കുകയും പ്രവര്ത്തിക്കുകയും ചെയ്തുകൊണ്ട് ബഹുസ്വരസഹിഷ്ണുതയുള്ള സമൂഹബോധത്തിലേക്കു സഞ്ചരിക്കണം. ഒരാള്ക്ക്‌ താന് ' ഗേ ' അല്ലെന്നു പറയാനും അങ്ങനെയല്ലാതെ ജീവിക്കാനും എത്രത്തോളം അവകാശമുണ്ടോ അത്രത്തോളം അവകാശം മറ്റൊരാള്ക്ക് താന്  ' ഗേ ' ആണെന്ന് പറയാനും അങ്ങനെ ജീവിക്കാനുമുണ്ടെന്ന് ഈ ചലച്ചിത്രം പറയാതെ പറയുന്നു. ഒപ്പം ആണ്‍ശരീരങ്ങളുടെ ഉത്സവദൃശ്യങ്ങളിലൂടെ മറ്റൊരു ചലച്ചിത്രസാദ്ധ്യതയെ പരിഭാഷപ്പെടുത്തുന്നു . എല്ലാത്തരം മനുഷ്യബന്ധങ്ങളിലും, ഭൂരിപക്ഷലൈംഗികതയിലും ന്യൂനപക്ഷലൈംഗികതയിലും അടക്കം മാനുഷികതയും വൈകാരികതയും വൈകാരിക പ്രതിസന്ധികകളുമുണ്ട് . സംഘര്ഷങ്ങളും അക്രമവാസനകളും ആഹ്ളാദങ്ങളുമുണ്ട് . സ്നേഹത്തിന്റെയും സ്നേഹരാഹിത്യത്തിന്റെയും നിറങ്ങളുണ്ട്.ഒന്നു വിശുദ്ധം മറ്റൊന്ന് വിശുദ്ധമല്ല എന്നു പറയുന്നത് വൈവിദ്ധ്യങ്ങളില് സൌന്ദര്യം കാണാന്  കണ്ണില്ലാത്തവരുടെ അവിശുദ്ധതയാണ്.  ചലച്ചിത്രം പ്രേക്ഷകമനസ്സില് ഇത്തരം ചിന്തകളും  കൊണ്ടിടുന്നു. തീ പിടിക്കാന് ഇടയുള്ള   ഇമ്മാതിരി വിരുദ്ധ ചിന്തകളുടെ മൂല്യനിര്ണയം ഓരോ പ്രേക്ഷകനും അവരവരുടെ  കാഴ്ചപ്പാടിനനുസരിച്ച് നടത്താവുന്നതാണ്.  ചലച്ചിത്രത്തിനകത്തേക്കും പുറത്തേക്കും നീങ്ങുമ്പോള് വെള്ളിത്തിരയിലെ സഞ്ചാരങ്ങളെ ഇടയ്ക്കിടെ സവിശേഷമാക്കുന്ന ആഖ്യാനങ്ങള്  കാണാം .  ചിത്രം പറയുന്നതല്ല, കാണിച്ചുതരുന്നതാണ് കലയെന്ന് വീണ്ടും വീണ്ടും പറയാന് പ്രേരിപ്പിക്കുന്ന ചിലത് ഫ്രെയിമുകളില് നിറയുന്നു. 

എല്ലാത്തരം ലൈംഗികതയും ആത്യന്തികമായി ശരീരത്തിന്റെ ഭാഷയാണ്‌ .  അതേ ഭാഷയെ ചലച്ചിത്രഭാഷയിലേക്ക്  , ചലച്ചിത്രപരിചരണത്ത്തിന്റെ ചില സൂക്ഷ്മ മുഹൂര്ത്തങ്ങളിലേക്ക് പരിവര്ത്തിപ്പിക്കാന് ഈ സിനിമയ്ക്ക് കഴിയുന്നു.  വിമതലൈംഗികതയെന്നോ വിമതജീവിതമെന്നോ ഇപ്പോഴും വിളിക്കപ്പെട്ടുവരുന്ന  , എന്നാല് വിശാലമാനുഷികതയുടെഭാവിയില് ആവിധം വിളിക്കപെടാനിടയില്ലാത്ത്ത ഒരു വിഷയത്തെ ചിത്രപ്പെടുത്തിക്കൊണ്ടു ചലിക്കുന്ന കാഴ്ച അഗാധരാഷ്ട്രീയത്തിന്റെ അത്യഗാധമായ വിവക്ഷകളിലേക്ക് കാണികളെ നയിക്കാന് പര്യാപ്തമാണ്.

Director : Miguel Ferrari
Screenwriter : Miguel Ferrari
Cinematographer : Alexandra Henao
Editor : Miguel Angel Garcia
Cast : Guillermo García, Ignacio Montes, Hilda Abrahamz, Carolina López, Alexander Da Silva, Sócrates Serrano, Elba Escobar
Music : Sergio de la Puente